Zygo-Ad

അമ്മയെ കൊലപ്പെടുത്തിയ ശേഷം അടുത്ത ലക്ഷ്യം അച്ഛൻ; കണ്ണൂര്‍ കൊലപാതകത്തിന്റെ നടുക്കുന്ന വെളിപ്പെടുത്തലുകള്‍


കണ്ണൂർ: കേളകം, കൊളക്കാടില്‍ അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയ ദാരുണ സംഭവത്തില്‍ പ്രതി ക്രിസ്റ്റി നടത്തിയ വെളിപ്പെടുത്തലുകള്‍ പുറത്ത്.

"എന്നെ ഇങ്ങനെ ആക്കിയത് വീട്ടുകാരാണ്, ഇനി അവർ എന്നെ ഉപദേശിക്കേണ്ട കാര്യമില്ല" എന്നായിരുന്നു കൊലപാതകത്തിന് ശേഷം പൊലിസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെ പ്രതി അയല്‍വാസിയോട് പറഞ്ഞത്. താന്നിക്കുന്നിലെ മഠത്തിപ്പറമ്പില്‍ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകൻ ക്രിസ്റ്റിയെ (25) പൊലിസ് അറസ്റ്റ് ചെയ്തു.

ഗീതമ്മയുടെ വീടിന് സമീപം താമസിക്കുന്ന കെ.വി. നിപുൻ ആണ് കൊലപാതകത്തിന് ശേഷമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ വലിയ ബഹളം കേട്ടാണ് നിപുൻ ഗീതമ്മയുടെ വീട്ടിലെത്തുന്നത്. 

നിപുൻ എത്തുമ്പോള്‍ ഗീതമ്മയുടെ സഹോദരന്മാരും ക്രിസ്റ്റിയും തമ്മില്‍ കയ്യാങ്കളി നടക്കുകയായിരുന്നു. പിടിച്ചു മാറ്റുന്നതിനിടയിലാണ് ‘പെങ്ങളെ ഇവൻ കൊന്നു’ എന്ന് സഹോദരൻ നിലവിളിച്ചത്.

വീടിനുള്ളില്‍ പരിശോധിച്ചപ്പോള്‍ ഗീതമ്മയെ കിടക്കയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ ആംബുലൻസ് വിളിക്കുകയും പൊലിസില്‍ വിവരം അറിയിക്കുകയും ചെയ്തു. അമ്മയെ കൊലപ്പെടുത്തിയ ശേഷം അച്ഛനെയും വകവരുത്തണമെന്ന് ആക്രോശിച്ചാണ് ക്രിസ്റ്റി വീടിന് പുറത്തേക്ക് പോയതെന്ന് നിപുൻ പറയുന്നു.

വീടിന് പുറത്തിറങ്ങിയ ക്രിസ്റ്റിയെ അടുത്തുള്ള കടയില്‍ ഇരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് നിപുൻ സംസാരിച്ച്‌ സമാധാനിപ്പിക്കുകയായിരുന്നു. താൻ സ്റ്റേഷനില്‍ പോയി കീഴടങ്ങാമെന്നും തന്നെ അവിടെ എത്തിക്കാമോ എന്നും ക്രിസ്റ്റി ആവശ്യപ്പെട്ടു. 

തുടർന്ന് നിപുൻ തന്നെ ക്രിസ്റ്റിയെ സ്കൂട്ടറില്‍ കയറ്റി പൊലിസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ലഹരിക്ക് അടിമയായ ക്രിസ്റ്റി തികഞ്ഞ സ്വബോധത്തോടെയാണ് കാര്യങ്ങള്‍ സംസാരിച്ചതെന്നും നിപുൻ കൂട്ടിച്ചേർത്തു.

ബെംഗളൂരുവില്‍ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് നാട്ടിലെത്തിയത്.

 പിന്നീട് കൊച്ചിയിലായിരുന്ന ഇയാള്‍ ഒരു മാസമായി വീട്ടിലുണ്ടായിരുന്നു. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമായിരുന്ന ഗീതമ്മ കേളകത്തും താന്നിക്കുന്നിലും ബ്യൂട്ടി പാർലറും ടെയ്ലറിങ് ഷോപ്പും നടത്തി വരികയായിരുന്നു.

 സംഭവ സമയത്ത് ഭർത്താവ് തങ്കച്ചൻ സ്ഥലത്തില്ലായിരുന്നു. പ്രതി ക്രിസ്റ്റി സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തില്‍ കേളകം പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Previous Post Next Post