കണ്ണൂർ: കണ്ണൂരിലെ കടുത്ത സ്ഥാനാർത്ഥി തർക്കത്തിന് ശേഷം ആദ്യമായി കോണ്‍ഗ്രസ് സ്ഥാനാർത്ഥി ടി ഒ മോഹനൻ കെ സുധാകരന്‍റെ വീട്ടില്‍ എത്തി കൂടിക്കാഴ്ച നടത്തി.
പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിനു മുന്നോടിയായാണ് മോഹനന്‍ സുധാകരന്റെ വീട്ടിലെത്തിയത്. കെ സുധാകരന്റെ പിന്തുണയും അനുഗ്രഹവും വാങ്ങുന്നതിനാണ് മോഹനന്‍ സുധാകരന്റെ വീട്ടിലെത്തിയത്.
സ്ഥാനാര്‍ത്ഥി ടി ഒ മോഹനനെ ഷാള്‍ അണിയിച്ച് കെ സുധാകരന്‍ സ്വീകരിച്ചു. ഹൈക്കമാൻഡിന് നല്‍കിയ വാക്ക് താൻ പാലിച്ചെന്ന് കെ സുധാകരൻ ടി ഒ മോഹനനോട് പറഞ്ഞു.
തുടര്‍ന്ന് ഇരുവരും അടച്ചിട്ട മുറിയില്‍ സംസാരിച്ചു. കണ്ണൂര്‍ മണ്ഡലത്തില്‍ കെ സുധാകരന്‍ അനുകൂലികളുടെ സഹകരണവും പിന്തുണയും ഉറപ്പിക്കുക ലക്ഷ്യമിട്ടു കൂടിയാണ് മോഹനന്‍ കെ സുധാകരന്റെ നടാലിലെ വീട്ടിലെത്തിയത്.
കെ സുധാകരൻ നാളെ കണ്ണൂരിലെ തെരഞ്ഞെടുപ്പ് കണ്‍വെൻഷനില്‍ പങ്കെടുക്കുമെന്ന് ടി ഒ മോഹനൻ പറഞ്ഞു. കോണ്‍ഗ്രസിനെ വിജയിപ്പിക്കാൻ മുന്നില്‍ നിന്ന് പ്രവർത്തിക്കുമെന്ന് ഹൈക്കമാൻഡിന് നല്‍കിയ വാക്ക് പാലിച്ചു എന്നാണ് സുധാകരൻ പറഞ്ഞതെന്ന് ടി ഒ മോഹനൻ വിശദീകരിച്ചു.
സുധാകരന്റെ ഉപദേശം അനുസരിച്ചാണ് മുന്നോട്ടു പോയിട്ടുള്ളതെന്നും അത് ഇനിയും തുടരുമെന്നും ടി ഒ മോഹനൻ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. അതേ സമയം ക്ഷീണിതനാണെന്നും അതിനാല്‍ മാധ്യമങ്ങളോട് കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.

