കണ്ണൂർ : കേരള പോലീസിലെ കരുത്തുറ്റ സാന്നിധ്യവും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം (State Intelligence) ആസ്ഥാനത്തെ പോലീസ് സൂപ്രണ്ടുമായ പ്രജീഷ് തോട്ടത്തിൽ ഐപിഎസിന് അന്വേഷണ മികവിനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ ബഹുമതി. സർവീസിലുടനീളം പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത അന്വേഷണ പാടവവും ജനകീയ പോലീസ് പ്രവർത്തനങ്ങളുമാണ് അദ്ദേഹത്തെ വീണ്ടും ഈ നേട്ടത്തിന് അർഹനാക്കിയത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന് ഐപിഎസ് പദവി നൽകി ആദരിച്ചത്. നേരത്തെ 2019-ൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലും 2024-ൽ മുഖ്യമന്ത്രിയുടെ ബാഡ്ജ് ഓഫ് ഓണറും അദ്ദേഹം കരസ്ഥമാക്കിയിരുന്നു.
അധ്യാപകനിൽ നിന്ന് ഐപിഎസ് പദവിയിലേക്ക്
കണ്ണൂർ എസ്.എൻ കോളേജിൽ നിന്ന് ഗണിതശാസ്ത്ര ബിരുദവും ബി.എഡും പൂർത്തിയാക്കിയ പ്രജീഷ് തോട്ടത്തിൽ, മൂന്ന് വർഷം മലപ്പുറം വളവന്നൂർ യത്തീംഖാന ഹൈസ്കൂളിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു. 1995-ൽ വിതുര സ്റ്റേഷനിൽ എസ്.ഐ ആയി പോലീസ് യൂണിഫോം അണിഞ്ഞ അദ്ദേഹം പിന്നീട് മലപ്പുറം, കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിൽ വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ചു.
ശ്രദ്ധേയമായ കേസുകളും നേട്ടങ്ങളും
തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ 150-ഓളം ഗുഡ് സർവീസ് എൻട്രികൾ നേടിയ പ്രജീഷ് തോട്ടത്തിൽ തെളിയിച്ച പ്രധാന കേസുകൾ ഇവയാണ്:
* ഇരിട്ടി ആലിമ വധക്കേസ്, നാടോടി സ്ത്രീയായിരുന്ന ശോഭയുടെ കൊലപാതകം, വളയത്തെ സിനോജ് വധം തുടങ്ങിയവയിലെ തുമ്പുണ്ടാക്കിയത് ഇദ്ദേഹമാണ്.
* 2009-ൽ മീനങ്ങാടി സിഐ ആയിരിക്കെ ബാംഗ്ലൂർ-കേരള ബസ്സിൽ നിന്ന് 1.8 കോടിയുടെ കുഴൽപ്പണം പിടികൂടി.
* വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ മികച്ച പ്രവർത്തനത്തിന് 'ബാഡ്ജ് ഓഫ് ഓണർ ഫോർ എക്സലന്റ് ഇൻവെസ്റ്റിഗേഷൻ' നേടി.
* സോഷ്യൽ പോലീസിങ്ങിന് ഡിജിപിയുടെ ആദ്യത്തെ ബാഡ്ജ് ഓഫ് ഓണർ ലഭിച്ചതും ഇദ്ദേഹത്തിനാണ്.
മനുഷ്യത്വപരമായ ഇടപെടലുകൾ
ഇരിട്ടി ഡിവൈഎസ്പി ആയിരിക്കെ ആദിവാസി മേഖലകളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയും നൂറുകണക്കിന് സ്ത്രീകൾക്ക് സ്വയം തൊഴിൽ പരിശീലനവും ഡ്രൈവിംഗ് ലൈസൻസും ലഭ്യമാക്കുകയും ചെയ്തു. സാധാരണക്കാർക്ക് റേഷൻ കാർഡ്, ആധാർ തുടങ്ങിയ രേഖകൾ അദാലത്തുകൾ വഴി വേഗത്തിൽ എത്തിക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകി.
കണ്ണൂർ പിണറായി സ്വദേശിയായ ഇദ്ദേഹം പി.വി. ഗോപിയുടെയും ടി. ശാന്തയുടെയും മകനാണ്.
