Zygo-Ad

കണ്ണൂർ മുൻ എഡിഎം നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി വ്യാഴാഴ്ച


കണ്ണൂര്‍: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി വിധി പറയാന്‍ വ്യാഴാഴ്ചയിലേക്ക് മാറ്റി.

പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി 2 ആണ് വിധി പറയുക. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. 

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസിപി രത്നകുമാറിന് രാഷ്ട്രീയ ബന്ധമുണ്ടെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു കുടുംബത്തിന്റെ ഹര്‍ജി.

അതേ സമയം, അന്വേഷണം ശരിയായ ദിശയിലാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്ത് ഹൈക്കോടതിയും സുപ്രീംകോടതിയും അന്വേഷണം ശരിവെച്ചിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. 

തുടര്‍ന്ന് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്നും പ്രതിഭാഗം അറിയിച്ചു.

2024 ഒക്ടോബര്‍ 15 നാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ ക്വാട്ടേഴ്‌സില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുന്നത്. നവീൻ ബാബുവിനെ യാത്രയയയ്ക്കുന്ന ചടങ്ങില്‍ വെച്ച്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ ക്ഷണിക്കപ്പെടാത്ത അതിഥിയായി വേദിയില്‍ എത്തുകയും കലക്ടര്‍ അരുണ്‍ കെ വിജയന്റെ സാന്നിധ്യത്തില്‍ നവീൻ ബാബുവിനെതീരെ ചില ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

 ഇതിന്റെ മനോവിഷമത്തില്‍ നവീൻ ബാബു ജീവനൊടുക്കുകയായിരുന്നുവെന്നാണ് കേസ്. കേസില്‍ പി.പി ദിവ്യ മാത്രമാണ് ഏക പ്രതി.

Previous Post Next Post