കണ്ണൂർ: പോളി ടെക്‌നിക്ക് കോളേജില്‍ കണ്ണൂര്‍ നിയമസഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും എസ്‌എഫ്‌ഐ പ്രവർത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി.
വിദ്യാർത്ഥികള്‍ക്ക് ഇടയിലേക്ക് വോട്ട് ചോദിക്കാൻ എത്തിയപ്പോഴാണ് ടി.ഒ മോഹനനും എസ്‌എഫ്‌ഐക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായത്.'വയനാടിന്റെ ഫണ്ട് മുക്കിയവർക്ക് ഇവിടെ സ്ഥാനമില്ല' എന്ന പോസ്റ്റർ എസ്‌എഫ്‌ഐ ഉയർത്തിയിരുന്നു.
അതില്‍ വിശദീകരണം നല്‍കാൻ ടി.ഒ മോഹനൻ ശ്രമിക്കുന്നതിനിടെയാണ് വാദപ്രതിവാദങ്ങളിലേക്ക് കാര്യങ്ങള്‍ നല്‍കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
സ്ഥാനാർത്ഥിയായ തനിക്ക് വോട്ട് ചോദിക്കാൻ അവകാശമുണ്ടെന്നും കോളേജ് അധികൃതരില്‍ അനുവാദം വാങ്ങിയാണ് താൻ എത്തിയിരിക്കുന്നതെന്നും ടി.ഒ മോഹനൻ പറഞ്ഞു. എസ്‌എഫ്‌ഐ പ്രവർത്തകരും മോഹനനും തമ്മില്‍ തർക്കം നീണ്ടു.
പിന്നീട് ടി.ഒ മോഹനൻ പ്രസംഗിക്കാൻ ശ്രമിക്കുന്നതും ശേഷം ക്ലാസില്‍ നിന്ന് ഇറങ്ങുമ്പോള്‍ എസ്‌എഫ്‌ഐക്കാർ കൂവിവിളിക്കുന്നതും പുറത്തു വന്ന ദൃശ്യങ്ങളില്‍ ഉണ്ട്. വിദ്യാർത്ഥികളില്‍ നിന്ന് കയ്യേറ്റ ശ്രമമുണ്ടായി എന്നും ടി.ഒ മോഹനൻ ആരോപിക്കുന്നുണ്ട്. പരാതി നല്‍കിയേക്കാമെന്നും അദ്ദേഹം പറയുന്നുണ്ട്.
കോണ്‍ഗ്രസ് നേതാവും കൗണ്‍സിലറുമായ റിജില്‍ മാക്കുറ്റിയ്ക്കും കെഎസ്‌യു നേതാക്കള്‍ക്കും മറ്റ് പ്രവർത്തകർക്കും ഒപ്പമായിരുന്നു ടി.ഒ മോഹനൻ പ്രചാരണത്തിന് എത്തിയത്.
