തളിപ്പറമ്പ്: ആലക്കോട് നടത്തിയ റെയ്ഡിൽ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. ബംഗാളിലെ സിധയി വില്ലേജിൽ നിന്നുള്ള ഷേക്ക് പിയാറൂൾ (21) ആണ് പിടിയിലായത്. ഇയാൾക്കെതിരെ എൻ.ഡി.പി.എസ് (NDPS) നിയമപ്രകാരം കേസെടുത്തു.
തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.കെ. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പരിശോധനയിൽ ഇയാളുടെ കൈവശം കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടി.ആർ. രാജേഷ്, എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം രജിരാഗ്, ജെ.ഇ.സി സ്ക്വാഡ് അംഗം വി.പി. ശ്രീകുമാർ, സി.ഇ.ഒ ഡ്രൈവർ അനിൽകുമാർ എന്നിവരും പങ്കെടുത്തു. മേഖലയിൽ ലഹരി വിരുദ്ധ പരിശോധനകൾ ശക്തമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
