കണ്ണൂർ: ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥരെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിലായി. തേർത്തല്ലി നമ്പൂരിക്കണ്ടത്തിൽ വീട്ടിൽ രാഹുൽ ചക്രപാണി (34), ഇയാളുടെ സഹോദരി ഭർത്താവ് മാലോം സ്വദേശി സതീശൻ എന്നിവരെയാണ് ആലക്കോട് പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12.20-ഓടെ തേർത്തല്ലി ടൗണിലായിരുന്നു സംഭവം. ആലക്കോട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐമാരായ കെ. മുനീർ (53), കെ.സി. പ്രിൻസ് (46) എന്നിവർ ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായി നിൽക്കുമ്പോഴാണ് രാഹുലും സതീശനും സഞ്ചരിച്ച ഇന്നോവ കാർ (KL-13 AQ-5151) ഉദ്യോഗസ്ഥർക്ക് നേരെ ഓടിച്ചു കയറ്റിയത്. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പുറമെ ഇവരെ മർദ്ദിക്കാനും പ്രതികൾ മുതിർന്നതായി പോലീസ് പറഞ്ഞു.
ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും വധശ്രമത്തിനുമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ രാഹുൽ ചക്രപാണി നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിലും പ്രതിയാണ്. വിസ തട്ടിപ്പ് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ സിന്ധു ചക്രപാണിയുടെ ഭർത്താവാണ് അറസ്റ്റിലായ സതീശൻ.
