കണ്ണപുരം: പയ്യന്നൂരിലെ സി.പി.എം രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പുസ്തകം ഏറ്റുവാങ്ങിയ പ്രമുഖ ചിന്തകൻ ഡോ. വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് . അന്തരിച്ച സാംസ്കാരിക നായകൻ പ്രൊഫ. എം.എൻ. വിജയന്റെ മകനാണ് അനിൽകുമാർ. വ്യാഴാഴ്ച രാവിലെ കണ്ണപുരത്തെ വീടിന്റെ ഗേറ്റിനുള്ളിലാണ് റീത്ത് കണ്ടെത്തിയത്.
പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ നേതാവ് വി. കുഞ്ഞികൃഷ്ണൻ എഴുതിയ പുസ്തകം ഏറ്റുവാങ്ങിയതിലുള്ള പ്രതിഷേധമാണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു. സംഭവത്തിൽ അനിൽകുമാർ പൊലീസിൽ പരാതി നൽകി.
ഫെബ്രുവരി നാലിന് നടന്ന പുസ്തക പ്രകാശന ചടങ്ങിൽ ഇടതു നിരീക്ഷകൻ ജോസഫ് സി. മാത്യുവിൽ നിന്നാണ് അനിൽകുമാർ പുസ്തകം ഏറ്റുവാങ്ങിയത്. വൻ ജനപങ്കാളിത്തത്തോടെ നടന്ന ചടങ്ങിന് പിന്നാലെ പുസ്തകം വലിയ ചർച്ചയായിരുന്നു.
ധനരാജ് രക്തസാക്ഷി ഫണ്ടിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നുവെന്നും ഇത് ചോദ്യം ചെയ്തതിനാണ് തന്നെ പുറത്താക്കിയതെന്നുമാണ് വി. കുഞ്ഞികൃഷ്ണന്റെ വാദം. എന്നാൽ ഈ ആരോപണങ്ങൾ പാർട്ടിയെ തകർക്കാനുള്ള ഭാവനാസൃഷ്ടി മാത്രമാണെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വ്യക്തമാക്കിയിരുന്നു.നേരത്തെ കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയ വ്യക്തിയുടെ ബൈക്ക് അജ്ഞാതർ കത്തിച്ചിരുന്നു. ഈ കേസിലെ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് പുതിയ ഭീഷണി ഉണ്ടായിരിക്കുന്നത്.
അസഹിഷ്ണുതയുടെ അടയാളമാണിതെന്നും ഫാസിസത്തെ എതിർക്കുന്നവർ തന്നെ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നത് ഖേദകരമാണെന്നും വി. കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു.
