കണ്ണൂർ: ഫോണില്‍ ഓർഡർ ചെയ്ത് ശിവകാശിയില്‍ നിന്ന് നേരിട്ട് ഡെലിവറി. ഇതാണ് ഇപ്പോള്‍ അനധികൃത പടക്ക കടത്തുകാർ അവലംബിക്കുന്ന രീതി.
സുപ്രീം കോടതിയുടെ കർശന നിർദേശങ്ങള്‍ ലംഘിച്ച് ഇ കൊമേഴ്സ്, ഫോണ്‍ ഓർഡർ ശൃംഖലകള്‍ ഉപയോഗിച്ചുള്ള വ്യാപക പടക്ക വില്പന ശക്തി പ്രാപിക്കുകയാണ്.
കഴിഞ്ഞ ദിവസം പയ്യന്നൂർ കോത്തായി മുക്കില്‍ നാട്ടുകാർ സംശയാസ്പദമായി തടഞ്ഞ, തമിഴ്നാട് രജിസ്‌ട്രേഷനുള്ള പിക്കപ്പ് വാനില്‍ ടാർപ്പോളിൻ ഷീറ്റ് കൊണ്ട് മൂടിവെച്ച ഭീമൻ പൊതിക്കെട്ടുകളാണുണ്ടായത്. വിവരമറിഞ്ഞെത്തിയ പൊലീസ് പരിശോധന നടത്തിയപ്പോള്‍, വാൻ നിറയെ തമിഴ്നാടില്‍ നിന്നുള്ള പടക്ക പൊതികള്‍.
ഡ്രൈവർ കറുപ്പസ്വാമി (തമിഴ്നാട്) ഹാജരാക്കിയ ബില്ലുകള്‍ ശ്രദ്ധിച്ചപ്പോള്‍ ഒന്നില്‍ 'അയ്യനാർ ക്രാക്കേഴ്സ്' (ശിവകാശി) എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
എന്നാല്‍ പൊതിക്കെട്ടുകളില്‍ 'കണ്ണൻ ക്രാക്കേഴ്സ്' എന്നും. ഇരു കേന്ദ്രങ്ങളും ശിവകാശിയില്‍. ഒരേ ശൃംഖലയില്‍ പ്രവർത്തിക്കുന്ന രണ്ട് ബ്രാൻഡ് നാമങ്ങള്‍ ഉപയോഗിച്ചാണ് കടത്ത്.
ഡ്രൈവർ നല്‍കിയ ഡെലിവറി വിലാസങ്ങള്‍ പരിശോധിച്ചപ്പോള്‍ മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഫോണ്‍ മുഖേന ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് നേരിട്ടെത്തിക്കാനുള്ളതായിരുന്നു പടക്കങ്ങള്‍.
കറുപ്പ സ്വാമിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അദ്ദേഹത്തെ നോട്ടീസ് നല്‍കി വിട്ടയച്ചു. വാഹനം കസ്റ്റഡിയിലെടുത്തു.
• ഡയറക്‌ട് ടു ഡോർ ഡെലിവറി
ഓണ്‍ലൈൻ ഡെലിവറിയും ഫോണ്‍ ഓർഡർ ഡെലിവറിയും വ്യക്തമായി നിരോധിക്കുന്ന ഉത്തരവ് നിലവിലുണ്ടെങ്കിലും വാട്സ്‌ആപ്പ് ഗ്രൂപ്പ്, ഫേസ്ബുക്ക് മാർക്കറ്റ് പ്‌ളേസ്, നേരിട്ടുള്ള ഫോണ്‍ ഓർഡർ ശൃംഖലകള്‍ ഒക്കെ ഉപയോഗിച്ച് ശിവകാശിയില്‍ നിന്ന് ഡയറക്‌ട് ടു ഡോർ ഡെലിവറി ഉറപ്പ് നല്‍കുന്ന 'ഡീലർ'മാർ സജീവമാണ്.
ഈ ഓർഡറുകള്‍ 'ഗ്രൂപ്പ് ഓർഡർ' ആക്കി ഒരൊറ്റ ട്രാക്കില്‍ ഒട്ടനേകം ഉപഭോക്താക്കളുടെ ഓർഡറുകള്‍ ഒരുമിച്ചു കൊണ്ടു പോകുന്നതാണ് രീതി.
ദീപാവലി, ക്രിസ്‌മസ്, വിഷു സീസണുകളില്‍ ലൈസൻസ് ഇല്ലാത്ത പടക്ക കടകള്‍ ക്രമേണ കുറഞ്ഞ് ഇ-ഓർഡർ ശൃംഖലകള്‍ വർദ്ധിക്കുന്ന പ്രവണത പ്രകടമാണ്.
അധികൃതർ ലൈസൻസ്ഡ് ഔട്ട്‌ലെറ്റ് പരിശോധനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, ഫോണ്‍ ഓർഡറില്‍ ഡ്രൈവർ നേരിട്ട് ഉപഭോക്താക്കളുടെ വീട്ടു മുമ്പില്‍ സാധനം എത്തിക്കുന്ന ഈ ശൃംഖല പൊലീസ് റഡാറില്‍ പെടാതെ പോകുന്നു.
• നിയമ ലംഘനം
സുപ്രീം കോടതി വിധിയനുസരിച്ച് ഇ കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളില്‍ പടക്ക വില്പന നിരോധിച്ചിട്ടുണ്ട്.
സ്‌ഫോടക ശേഷിയുള്ള പദാർത്ഥങ്ങള്‍ ഇത്തരത്തില്‍ കൊണ്ടു നടക്കണമെങ്കില്‍ ജില്ലാ മജിസ്‌ട്രേറ്റ് ലൈസൻസ്, സ്‌ഫോടക ഗോഡൗണ്‍ ലൈസൻസ്, ഗതാഗത ലൈസൻസ് എന്നിങ്ങനെ ഒട്ടനേകം ഔദ്യോഗിക അനുമതി ആവശ്യമാണ്. ഈ പിക്കപ്പ് വാനില്‍ ഇതൊന്നും ഉണ്ടായിരുന്നില്ല.
ടാർപ്പോളിൻ ഷീറ്റ് കൊണ്ട് മൂടിയതൊഴിച്ചാല്‍ മറ്റൊരു സുരക്ഷ ഉപകരണവും ഇല്ലാതിരുന്ന ആ വാഹനം ഒരൊറ്റ തീപ്പൊരി കൊണ്ട് ദുരന്തം ഉണ്ടാക്കാൻ ശേഷിയുള്ള ഒരു ബോംബ് ആയാണ് ഓടിയിരുന്നതെന്ന് പൊലീസ് പറയുന്നു.
