ധർമ്മടം: സംസ്ഥാന സർക്കാരിനെതിരെ രാഷ്ട്രീയമായി ഒന്നും പറയാനില്ലാത്തതിനാൽ ചിലർ കള്ളപ്രചാരണങ്ങളുമായി രംഗത്തിറങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധർമ്മടം മണ്ഡലത്തിൽ സംഘടിപ്പിച്ച വികസന സംവാദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നികൃഷ്ടമായ രീതിയിലുള്ള കള്ളങ്ങളാണ് പടച്ചുവിടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വോട്ടർപ്പട്ടിക പരിഷ്കരണം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്നതാണെന്നും ഒരു വിഭാഗത്തെ നാടുകടത്താനാണെന്നും വരെ മുൻപ് പ്രചാരണമുണ്ടായി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും സമാനമായ ആരോപണങ്ങൾ ഉയർന്നു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടായി കള്ളങ്ങൾ പ്രചരിപ്പിച്ചു. ഇതിന് പിന്നാലെ കേന്ദ്ര ഏജൻസികളും വന്നിറങ്ങി. എന്നാൽ ജനങ്ങൾ ഇത്തരം കുപ്രചാരണങ്ങളെ തള്ളിക്കളയുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന്റെ നേട്ടങ്ങളെ കൃത്യമായി വിലയിരുത്തുന്ന ജനങ്ങളാണ് എൽഡിഎഫിന്റെ കരുത്ത്. കൂടുതൽ സീറ്റുകൾ നൽകി എൽഡിഎഫിനെ വീണ്ടും അധികാരത്തിലേറ്റിയത് ജനങ്ങൾക്ക് ഭരണത്തിലുള്ള വിശ്വാസത്തിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
