കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ കെ.എസ്.യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനും തുടർന്നുണ്ടായ പരിക്കിനും പിന്നാലെ കണ്ണൂർ ജില്ലയിൽ വ്യാപക അക്രമം. ഇന്നലെ രാത്രി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെയും സ്മാരകങ്ങൾക്ക് നേരെയും ആക്രമണങ്ങൾ അരങ്ങേറി.
കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണമുണ്ടായി. കല്ലിൽത്താഴയിലുള്ള പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് അജ്ഞാതർ തീയിട്ട് നശിപ്പിച്ചു. പടിഞ്ഞാറ്റം കൊഴുവലിലെ രാജീവ് ഭവനും അക്രമികൾ ലക്ഷ്യമിട്ടു. രാഷ്ട്രീയ സംഘർഷം പടരുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെയും അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജാസ് ഹയർ സെക്കണ്ടറി സ്കൂളിലെ കൊടിമരം നശിപ്പിക്കപ്പെട്ടു. ചെണ്ടയാട് ഭാഗത്തും സമാനമായ രീതിയിൽ കൊടിമരങ്ങൾ തകർക്കപ്പെട്ടു.
ഇന്നലെ രാത്രി കണ്ണൂർ ഡി.സി.സി ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. പ്രവർത്തകർ ഓഫീസിന് നേരെ നീങ്ങിയതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഇതോടെ നഗരമധ്യത്തിൽ വൻ സംഘർഷാവസ്ഥ ഉടലെടുത്തു. സ്ഥിതിഗതികൾ ശാന്തമാക്കാൻ കൂടുതൽ പോലീസ് സേനയെ ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്.
