കണ്ണൂർ: മദ്യപിച്ചെത്തിയ മകൻ ക്രൂരമായി മർദ്ദിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കണ്ണൂർ പള്ളിയാംമൂല സ്വദേശിനി ശാന്ത (88) ആണ് അന്തരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ സജീവനെതിരെ പോലീസ് നടപടി സ്വീകരിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടിലെ നിത്യച്ചെലവിനായി പണം ചോദിച്ചതിനെത്തുടർന്ന് പ്രകോപിതനായ സജീവൻ, അമ്മയെ ഇരുന്ന കസേരയോടെ വീടിന്റെ മുറ്റത്തേക്ക് വലിച്ചെറിയുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ശാന്തയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മദ്യലഹരിയിലായിരുന്ന സജീവൻ അമ്മയെ ക്രൂരമായി മർദ്ദിച്ചതായും ദൃക്‌സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
