കണ്ണൂർ: മയക്കുമരുന്ന് മാഫിയക്കെതിരെ കർശന നടപടികളുമായി കണ്ണൂർ റൂറൽ പോലീസ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ജില്ലയിൽ 812 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തതായും 853 പ്രതികളെ അറസ്റ്റ് ചെയ്തതായും ജില്ലാ പോലീസ് മേധാവി അനുജ് പലിവാൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതിൽ എം.ഡി.എം.എ ഉൾപ്പെടെയുള്ള മാരക ലഹരിമരുന്നുകൾ കടത്തിയ കേസുകളും ഉൾപ്പെടുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി വൻതോതിലുള്ള ലഹരിമരുന്ന് ശേഖരമാണ് പോലീസ് പിടിച്ചെടുത്തത്. ഇതിൽ 28 കിലോഗ്രാം കഞ്ചാവ്, 467 ഗ്രാം മെത്താഫിറ്റമിൻ, 324 ഗ്രാം ഹാഷിഷ് ഓയിൽ, 71 ഗ്രാം എം.ഡി.എം.എ എന്നിവ ഉൾപ്പെടുന്നു. കൂടാതെ 681 കഞ്ചാവ് ബീഡികളും നാല് കഞ്ചാവ് ചെടികളും പോലീസ് കണ്ടെടുത്തു.
റൂറൽ പരിധിയിലെ ഇരിട്ടി പോലീസ് സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ ഗൗരവകരമായ കേസുകൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം മാത്രം അഞ്ച് കമേഴ്ഷ്യൽ ക്വാന്റിറ്റി (Commercial Quantity) കേസുകളാണ് ഇരിട്ടിയിൽ രജിസ്റ്റർ ചെയ്തത്. വരും ദിവസങ്ങളിലും ലഹരി വിരുദ്ധ പരിശോധനകൾ ശക്തമായി തുടരുമെന്ന് പോലീസ് അറിയിച്ചു.
