Zygo-Ad

സൈബര്‍ തട്ടിപ്പ് സംഘം കഴിഞ്ഞ ഒന്നര മാസത്തിനിടെ കണ്ണൂര്‍ ജില്ലയില്‍ നിന്നും മാത്രം തട്ടിയെടുത്തത് രണ്ടര കോടി


കണ്ണൂർ: കഴിഞ്ഞ ഒന്നര മാസത്തിനിടെ മാത്രം കണ്ണൂർ ജില്ലയില്‍ നിന്ന് സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് 2.53 കോടി രൂപ. 

വെർച്വല്‍ അറസ്റ്റ് ഭീഷണിയിലൂടെ ഒരാളില്‍ നിന്ന് മാത്രമായി തട്ടിയെടുത്തത് 1.58 കോടിയാണ്. കണ്ണൂർ നഗരത്തിലെ 77കാരിക്കാണ് ഒന്നരക്കോടി നഷ്ടമായത്. സി.ബി.ഐ ചമഞ്ഞാണ് തട്ടിപ്പുകാർ വെർച്ചല്‍ അറസ്റ്റ് ഭീഷണി മുഴക്കി വൃദ്ധയില്‍ നിന്നും പണം കവർന്നത്.

ഇവരുടെ അക്കൗണ്ടില്‍ കള്ളപ്പണം വന്നിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു നിരപരാധിത്വം തെളിയിക്കാൻ അക്കൗണ്ടിലുള്ള മുഴുവൻ സാമ്പത്തിക രേഖകളും പരിശോധനയ്ക്കായി അയക്കണമെന്നും, തങ്ങള്‍ നിർദ്ദേശിക്കുന്ന അക്കൗണ്ടിലേക്ക് മാറ്റണമെന്നുമാണ് തട്ടിപ്പുകാർ ആവശ്യപ്പെട്ടത്. 

സംഘം നിർദ്ദേശിച്ച അക്കൗണ്ടിലേക്ക് വൃദ്ധ പണം അയക്കുകയും ഇതു തട്ടിയെടുക്കുകയുമായിരുന്നു. ജനുവരി ആദ്യ ആഴ്ചയിലായിരുന്നു സംഭവം.

 ഈ വർഷം തുടങ്ങി മാസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ കണ്ണൂർ ജില്ലയില്‍ 2,53,73,066 രൂപയോളമാണ് സൈബർ തട്ടിപ്പ് സംഘം അടിച്ചു മാറ്റിയത്. ആറു പേരുടെ പണം മാത്രമാണ് ഭാഗികമായെങ്കിലും തിരിച്ചെടുക്കാൻ സാധിച്ചത്.

Previous Post Next Post