കണ്ണൂർ: ജില്ലയിൽ വീണ്ടും മാരക ലഹരിമരുന്ന് വേട്ട. പാപ്പിനിശ്ശേരിയിൽ വിപണിയിൽ വൻ വിലവരുന്ന സിന്തറ്റിക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇ.വൈ. ജസീറലിയുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക റെയ്‌ഡിലാണ് 0.459 ഗ്രാം മെത്താംഫിറ്റമിൻ സഹിതം യുവതി പിടിയിലായത്.
പാപ്പിനിശ്ശേരിയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും വർധിക്കുന്നതായുള്ള രഹസ്യ വിവരത്തെത്തുടർന്നാണ് എക്സൈസ് സംഘം പരിശോധന ശക്തമാക്കിയത്. പിടിയിലായ യുവതിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജോർജ് ഫെർണാണ്ടസ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ ശ്രീകുമാർ വി.പി., പങ്കജാക്ഷൻ, രജിരാഗ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. കൂടാതെ വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ജിഷ, ഷൈമ എന്നിവരും റെയ്‌ഡ് നടത്തിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു.
