കണ്ണൂർ: അതീവ സുരക്ഷാ മേഖലയായ കണ്ണൂർ സെൻട്രൽ ജയിലിന് സമീപം ഡ്രോൺ പറത്തിയ സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ടിന്റെ പരാതിയെത്തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.
സെൻട്രൽ ജയിലിന് പിന്നിലായി സ്ഥിതി ചെയ്യുന്ന വനിതാ ജയിൽ പരിസരത്താണ് ഡ്രോൺ ആദ്യം പ്രത്യക്ഷപ്പെട്ടത്. പള്ളിക്കുന്നിലെ ജയിൽ വളപ്പിലുള്ള പശുത്തൊഴുത്തിന് മുകളിലൂടെ ഡ്രോൺ പറക്കുന്നത് കണ്ടതായാണ് സൂപ്രണ്ടിന്റെ പരാതിയിൽ പറയുന്നത്. അതീവ സുരക്ഷാ പ്രാധാന്യമുള്ള ജയിൽ വളപ്പിൽ ഡ്രോൺ എത്തിയത് ഉദ്യോഗസ്ഥരെ ആശങ്കയിലാക്കിയിട്ടുണ്ട്.
ജയിലിനുള്ളിലേക്ക് ലഹരിമരുന്നുകളോ മറ്റ് നിരോധിത വസ്തുക്കളോ കടത്തുന്ന മാഫിയ സംഘങ്ങളാണോ ഇതിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ജയിൽ പരിസരത്തെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഡ്രോൺ നിയന്ത്രിച്ചവരെ കണ്ടെത്താനുള്ള ഊർജിതമായ ശ്രമത്തിലാണ് പോലീസ്.
