കണ്ണൂർ: കണ്ണൂർ രാമന്തളിയില്‍ കുട്ടികളെ കൊലപ്പെടുത്തി യുവാവും അമ്മയും ജീവനൊടുക്കിയ സംഭവത്തില്‍ നീതിക്ക് വേണ്ടി പോരാട്ടം തുടരുമെന്ന് യുവതി.
കുട്ടികളെ നഷ്ടമായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലും ബന്ധുക്കള്‍ക്കിടയിലും നിന്ന് രൂക്ഷമായ വിമർശനം ഏറ്റുവാങ്ങുന്നതിനിടെയാണ് 27കാരി മനസ് തുറന്നത്.
കുട്ടികളെ 27കാരിയായ അമ്മയ്ക്ക് കൈമാറാനുള്ള കോടതി ഉത്തരവിന് പിന്നാലെയാണ് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതിയുടെ ഭർത്താവും ഭർതൃമാതാവും ജീവനൊടുക്കിയത്.
ഇതിന് പിന്നാലെ സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങളുടെ പേരില്‍ നടന്ന ദാരുണ സംഭവമെന്നതടക്കമുള്ള വിമർശനങ്ങള്‍ ഉയർന്നിരുന്നു. കുട്ടികളുടെ താല്‍പര്യം പോലും പരിഗണിക്കാതെ കോടതി നടത്തിയ ഇടപെടലിനെതിരെയും സമൂഹ മാധ്യമങ്ങളില്‍ വിമർശനം രൂക്ഷമായിരുന്നു.
ഇതിനിടയിലാണ് നേരിടേണ്ടി വരുന്ന സൈബർ ആക്രമണങ്ങളേക്കുറിച്ചും തനിക്ക് നേരിട്ട നീതി നിഷേധത്തേക്കുറിച്ചും കാലങ്ങളായി നടന്നിരുന്ന ഗാർഹിക പീഡനങ്ങളേക്കുറിച്ചും കണ്ണൂർ സ്വദേശിനി വിശദമാക്കുന്നത്.
പതിവായ ഗാർഹിക പീഡനവും വ്യാജ പ്രചാരണവും
2018ല്‍ 20ാം വയസിലാണ് യുവതിയുടെ വിവാഹം കലാധരനുമായി നടക്കുന്നത്. ദമ്പതികള്‍ക്കിടയില്‍ പത്ത് വയസിന്റെ പ്രായ വ്യത്യാസം ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളില്‍ തന്നെ ഗുരുതരമായ ഗാർഹിക പീഡനം യുവതിക്ക് നേരിടേണ്ടി വന്നിരുന്നു.
പക്വതയില്ലെന്നും മാനസിക പ്രശ്നങ്ങളുണ്ടെന്നുമായിരുന്നു ഭർതൃവീട്ടുകാർ നിരന്തരം യുവതിയേക്കുറിച്ച് പറഞ്ഞുപരത്തിയിരുന്നത്. ഭർത്താവ് അടക്കം വീട്ടിലെ സകല ആളുകളും വടി അടക്കം ഉപയോഗിച്ച് മർദ്ദിക്കുവായിരുന്നുവെന്നും യുവതി വിശദമാക്കുന്നത്.
ഗർഭിണിയായിരുന്ന സമയത്തും മർദ്ദനവും പട്ടിണിയ്ക്കിടലും പതിവായിരുന്നു. ഈ സമയത്താണ് കലാധരന്റെ കുടുംബവുമായി വഴക്കിട്ട് ആദ്യമായി യുവതി തിരിച്ച് സ്വന്തം വീട്ടിലെത്തിയത്. മകളുടെ ജനനത്തിന് ശേഷം കാര്യങ്ങള്‍ കൂടുതല്‍ മോശമായി.
കലാധരന്റെ കാറ്ററിംഗ് ജോലിക്ക് സഹായിക്കാതിരിക്കാൻ മകളെ കാരണമായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് കലാധരന്റെ അമ്മ ഉഷ മൂന്ന് മാസം പ്രായമുള്ള മകളെ തന്റെ പക്കല്‍ നിന്ന് എടുത്തുകൊണ്ട് പോവുമായിരുന്നുവെന്നും യുവതി ആരോപിക്കുന്നു.
കുഞ്ഞിന് പാല് നല്‍കാൻ പോലും തനിക്ക് അനുവാദമുണ്ടായിരുന്നില്ല. രാവും പകലും കലാധരനൊപ്പം ജോലി ചെയ്താലും കുഞ്ഞിനെ ഉറക്കാനോ കുളിപ്പിക്കാനോ ഭർതൃവീട്ടുകാർ അനുവദിച്ചിരുന്നില്ലെന്നും നയൻതാര വിശദമാക്കുന്നത്.
കുട്ടികളെ ഭർത്താവിന്റെ മാതാപിതാക്കള്‍ക്കൊപ്പം കിടത്തി ഉറക്കാൻ കലാധരനും കൂട്ട് നിന്നതോടെ തനിക്കൊന്നും ചെയ്യാനായില്ലെന്നും യുവതി വിശദമാക്കുന്നത്. മകളെ ആശുപത്രിയില്‍ കൊണ്ടുപോകുമ്ബോള്‍ പോലും ഒപ്പം പോവാൻ തന്നെ അനുവദിച്ചിരുന്നില്ല.
യുവതിക്ക് മാനസിക തകരാറുണ്ടെന്ന് പ്രചരിപ്പിക്കാനും ഭർതൃവീട്ടുകാർക്ക് സാധിച്ചിരുന്നു. പീഡനങ്ങള്‍ അസഹ്യമായതോടെ യുവതി വീണ്ടും തിരികെ സ്വന്തം വീട്ടിലെത്തി. എന്നാല്‍ തിരിച്ചെത്താൻ കലാധരൻ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു.
2022ല്‍ വീട്ടുകാരുടെ അനുവാദമില്ലാതെ യുവതി തിരികെ വീണ്ടും കലാധരനൊപ്പം പോയി. ഇതിന് ശേഷം യുവതിയ്ക്ക് സ്വന്തം കുടുംബവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.
ഏപ്രില്‍ മാസത്തില്‍ യുവതിയുടെ മകള്‍ ആശുപത്രിയിലായപ്പോഴാണ് യുവതിയെ സ്വന്തം വീട്ടുകാർ വീണ്ടും കാണുന്നത്. കുഞ്ഞിന്റെ ശരീരത്തിലെ ചില പാടുകള്‍ എങ്ങനെ വന്നുവെന്ന് യുവതി ചോദ്യം ചെയ്തപ്പോഴേയ്ക്കും മരുമകള്‍ക്ക് മാനസിക വെല്ലുവിളിയുണ്ടെന്ന വിവരം ഭർതൃ വീട്ടുകാർ അയല്‍വാസികളേയും ബന്ധുക്കളേയും ധരിപ്പിച്ചിരുന്നു.
2025 മാർച്ച് മാസത്തില്‍ കലാധരന്റെ അമ്മ ഇളയ മകന്റെ കുഞ്ഞിനെ നോക്കാനായി വിദേശത്ത് പോയിരുന്നു. ആ സമയത്താണ് സ്വന്തം കുട്ടികളെ നോക്കാൻ യുവതിക്ക് അനുവാദം കിട്ടിയത്.
മാർച്ച് മാസത്തില്‍ മകളെ കുളിപ്പിക്കുമ്പോഴാണ് സ്വകാര്യ ഭാഗത്തെ നീറ്റലിനേക്കുറിച്ച് കുഞ്ഞ് പരാതിപ്പെട്ടത്. സംഭവം തുടർന്നതോടെ യുവതി മകളുമായി വിശദമായി സംസാരിച്ചു.
അപ്പോഴാണ് രാത്രി മുത്തച്ഛനില്‍ നിന്ന് മകള്‍ക്ക് മോശം അനുഭവം നേരിട്ടതിനേക്കുറിച്ച് യുവതി തിരിച്ചറിയുന്നത്. ബന്ധുക്കളോട് അടുപ്പമില്ലാത്തതിനാല്‍ വിവരങ്ങള്‍ ആരെ അറിയിക്കുമെന്ന് യുവതിക്ക് ധാരണയുണ്ടായിരുന്നില്ല.
എന്നാല്‍ ചെറുമകള്‍ അമ്മയോട് ദുരനുഭവം വ്യക്തമാക്കിയെന്ന് മനസിലായതോടെ കലാധരന്റെ പിതാവ് മരുമകള്‍ ഇല്ലാക്കഥകള്‍ പറയുന്നതായി ബന്ധുക്കളെ വിശ്വസിപ്പിച്ചിരുന്നു. മാർച്ച് അവസാനത്തോടെ മകള്‍ക്ക് തുടർച്ചയായി വയറുവേദനയും ഛർദ്ദിയും വന്നു.
ഇതോടെ മക്കളുമായി ഭർതൃ വീട്ടില്‍ നിന്ന് രക്ഷപ്പെടണമെന്ന് യുവതി തീർച്ചയാക്കിയത്. ഏപ്രില്‍ 2ന് ഭർത്താവിന്റെ വീട്ടില്‍ നിന്ന് മക്കളെയും കൂട്ടി യുവതി നടന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലെത്തി.
ഇവിടെ നിന്ന് ഇവരെ സർക്കാർ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ആശുപത്രിയില്‍ വച്ച് മകള്‍ പറഞ്ഞ കാര്യങ്ങള്‍ അനുസരിച്ച് ഡോക്ടർമാർ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
