കണ്ണൂർ: കണ്ണൂർ ശ്രീകണ്ഠാപുരത്ത് യുപി സ്വദേശി മരിച്ച സംഭവത്തില്‍ ആള്‍ക്കൂട്ട ആക്രമണ നിയമപ്രകാരം കേസെടുക്കണമെന്ന് വെല്‍ഫെയർ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി ഷാജഹാൻ ഐച്ചേരി ആവശ്യപ്പെട്ടു.
സംഭവത്തില്‍ പൊലീസ് കാട്ടുന്ന മെല്ലെപ്പോക്ക് പ്രതികളെ രക്ഷപ്പെടാൻ ഇടയാക്കും. നയിം സല്‍മാനിയുടെ കുടുംബത്തിന് തക്കതായ നഷ്ട പരിഹാരം നല്‍കണമെന്നും വെല്‍ഫയർ പാർട്ടി ആവശ്യം ഉന്നയിച്ചു. നയിമിനെ അക്രമിച്ചെന്ന പരാതിയില്‍ കട ഉടമ ജോണി സെബാസ്റ്റ്യൻ്റെ മൊഴി ശ്രീകണ്ഠാപുരം പൊലീസ് രേഖപ്പെടുത്തി.
മുടി മുറിപ്പിച്ചതിന്റെ കൂലിയുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച പയറ്റിയാല്‍ സ്വദേശി ജിസ് വര്‍ഗീസ് നയിമുമായി വാക്കു തര്‍ക്കം ഉണ്ടായിരുന്നു.
ക്രിസ്മസ് ദിവസം വൈകിട്ട് കടയിലെത്തിയ ജിസ് വര്‍ഗീസും കൂട്ടുകാരും ചേര്‍ന്ന് നയിമിനെയും മകനെയും ആക്രമിച്ചു. തടയാനെത്തിയ കടയുടമ ജോണിയെയും സംഘം മര്‍ദിച്ചു.
അന്ന് രാത്രി നയിമിന്റെ കൊട്ടൂര്‍ വയലിലെ താമസ സ്ഥലത്തും സംഘമെത്തി നയിമിന്റെ ബൈക്ക് അടക്കം തകര്‍ത്തു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാന്‍ ഇരിക്കെ വെള്ളിയാഴ്ച രാവിലെ ശ്രീകണ്ഠാപുരം മരമില്ലിന് സമീപം നയിം റോഡില്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
