കണ്ണൂർ:ബാറുകളിൽ മദ്യം അളന്ന് നൽകുന്നതിൽ വൻതട്ടിപ്പ് നടത്തിയതായി വിജിലൻസ് മിന്നൽ പരിശോധനയിൽ കണ്ടെത്തി. 60 മില്ലി നൽകേണ്ട സ്ഥാനത്ത് 48 മില്ലി മാത്രം അളക്കുന്ന പാത്രം ഉപയോഗിച്ചാണ് ഉപഭോക്താക്കളെ കബളിപ്പിച്ചതെന്ന് പരിശോധനയിൽ വ്യക്തമായി.
പഴയങ്ങാടി, ഇരിട്ടി, തളിപ്പറമ്പ, പയ്യന്നൂർ മേഖലകളിലെ ബാറുകളിലാണ് വിജിലൻസ് സംഘം അപ്രതീക്ഷിത പരിശോധന നടത്തിയത്. മദ്യപാനം ആരംഭിക്കുന്ന ആദ്യ ഘട്ടത്തിൽ അളവ് കൃത്യമായി നൽകുകയും, പിന്നീട് ഉപഭോക്താവ് അല്പം ഫിറ്റായതായി തോന്നുന്ന ഘട്ടത്തിൽ അളവ് കുറയ്ക്കുകയും ചെയ്യുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്.
ആദ്യ രണ്ട് പെഗുകൾക്ക് 60 മില്ലിയുടെ അളവ് കൃത്യമായി നൽകിയെങ്കിലും, പിന്നീട് 60 മില്ലി പാത്രം മാറ്റി ബാർ ജീവനക്കാർ തന്നെ തയ്യാറാക്കിയ 48 മില്ലി അളവുള്ള മറ്റൊരു പാത്രം ഉപയോഗിച്ചാണ് മദ്യം നൽകിയത്. ഇതോടെ 30 മില്ലിക്ക് പകരം 24 മില്ലി മാത്രമാണ് പിന്നീട് ലഭിച്ചതെന്ന് കണ്ടെത്തി.
മദ്യപിച്ച് നിൽക്കുന്ന ഉപഭോക്താക്കൾക്ക് അളവിലെ വ്യത്യാസം വ്യക്തമായി തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണ് തട്ടിപ്പിന് സഹായകമായത്. പരിശോധനയിൽ ഇത്തരം അനധികൃത അളവ് പാത്രങ്ങൾ പിടിച്ചെടുത്ത വിജിലൻസ് സംഘം, സംഭവവിവരം ലീഗൽ മെട്രോളജി വിഭാഗത്തെ അറിയിക്കുകയും ചെയ്തു.
തുടർന്ന് നടത്തിയ നടപടികളിൽ പഴയങ്ങാടിയിലെ പ്രതീക്ഷ ബാറിന് 25,000 രൂപ പിഴ ചുമത്തുകയായിരുന്നു.
