ഈ വര്‍ഷം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട് നിരവധി പുതിയ മാറ്റങ്ങളാണ് പുതുവര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത്. ഇതിന് മുന്നോടിയായി ചില കാര്യങ്ങള്‍ ഡിസംബര്‍ 31നകം ചെയ്ത് തീര്‍ക്കാനുണ്ട്. അതില്‍ ഒന്ന് പാന്‍ കാര്‍ഡ് ആധാറുമായി എത്രയും വേഗം ബന്ധിപ്പിക്കുക എന്നതാണ്. മറ്റൊന്ന് 2024-25 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള വൈകിയതോ പുതുക്കിയതോ ആയ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്.
*ആധാർ- പാൻ ബന്ധിപ്പിക്കൽ*
സാമ്പത്തിക ഇടപാടുകളിൽ പാൻ (പെർമനന്റ് അക്കൗണ്ട് നമ്പർ) കാർഡ് വളരെ പ്രധാനപ്പെട്ട രേഖയാണ്. ആദായ നികുതി റിട്ടേൺ സമർപ്പിക്കാനും ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും വലിയ ഇടപാടുകൾ നടത്തുന്നതിനും പാൻ കാർഡ് നിർബന്ധമാണ്. എന്നാൽ ആധാർ- പാൻ കാർഡുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമാകും.
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31 ആണ്. അതിനുള്ളിൽ ആധാർ കാർഡ് ബന്ധിപ്പിച്ചില്ലെങ്കിൽ 2026 ജനുവരി 1 മുതൽ പാൻ കാർഡ് അസാധുവാകും. പാൻ കാർഡ് ആധാറുമായി എത്രയും വേഗം ബന്ധിപ്പിക്കേണ്ടതാണ്.
*പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം:*
ആദായനികുതി ഇ-ഫയലിങ് പോർട്ടൽ സന്ദർശിക്കുക: [https:// www.incometax.gov.in/iec/foportal/)
'ലിങ്ക് ആധാർ' (ഹോംപേജിൽ താഴെ ഇടതുവശത്ത്) ക്ലിക്ക് ചെയ്യുക
കാണിച്ചിരിക്കുന്ന ഫീൽഡുകളിൽ നിങ്ങളുടെ 10 അക്ക പാൻ, 12 അക്ക ആധാർ നമ്പറുകൾ നൽകുക
സ്‌ക്രീനിലെ നിർദേശങ്ങൾ പാലിച്ച് 1,000 രൂപ പേയ്മെന്റ് പൂർത്തിയാക്കുക
അഭ്യർത്ഥന സമർപ്പിക്കുക- പോർട്ടൽ അത് സ്വീകരിക്കുകയും ലിങ്കിങ് പ്രോസസ്സ് ചെയ്യുകയും ചെയ്യും
ഓൺലൈനിലൂടെ പരിശോധിക്കുന്ന വിധം:*
uidai.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക
ആധാർ സർവീസസിൽ ക്ലിക്ക് ചെയ്യുക
ആധാർ ലിങ്കിങ് സ്റ്റാറ്റസ് തെരഞ്ഞെടുക്കുക
12 അക്ക ആധാർ നമ്പർ നൽകി ഗെറ്റ് സ്റ്റാറ്റസിൽ ക്ലിക്ക് ചെയ്യുക
പാൻ കാർഡ് നമ്പർ നൽകുക
സെക്യൂരിറ്റി വെരിഫിക്കേഷന് കാപ്ച കോഡ് നൽകുക
ഗെറ്റ് ലിങ്കിങ് സ്റ്റാറ്റസിൽ ക്ലിക്ക് ചെയ്യുന്നതോടെ നടപടി പൂർത്തിയായി
തുടർന്ന് ആധാർ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും
www.nsdl.com ൽ കയറിയും സമാനമായ നിലയിൽ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സാധിക്കും
*എസ്എംഎസ് വഴി പരിശോധിക്കുന്ന വിധം:*
UIDPAN എന്ന് ടൈപ്പ് ചെയ്യുക
സ്‌പേസ് ഇട്ട ശേഷം ആധാർ നമ്പർ നൽകുക
വീണ്ടും സ്‌പേസ് ഇട്ട ശേഷം പാൻ നമ്പർ ടൈപ്പ് ചെയ്യുക
UIDPAN < 12 digit Aadhaar number> < 10 digit Permanent Account Number> ഇതായിരിക്കണം ഫോർമാറ്റ്
567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് വേണം എസ്എംഎസ് അയക്കാൻ
ആധാറുമായി പാൻ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും
*ആദായ നികുതി റിട്ടേൺ സമർപ്പിക്കൽ*
2024-25 സാമ്പത്തിക വർഷത്തേക്കുള്ള വൈകിയതോ പുതുക്കിയതോ ആയ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി ഡിസംബർ 31 ആണ്. ഈ സമയപരിധിക്കു ശേഷവും പ്രക്രിയ പൂർത്തിയാക്കിയില്ലെങ്കിൽ 5,000 രൂപ വരെ പിഴ ഈടാക്കും. 5 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള വ്യക്തികൾക്ക് 1,000 രൂപ വരെയാണ് പിഴ.
സെപ്റ്റംബർ 16നകം യഥാർത്ഥ ഐടിആർ ഫയൽ ചെയ്തെങ്കിലും പിന്നീട് ഒരു പിശക് ശ്രദ്ധയിൽപ്പെട്ടാൽ, പിശക് പരിഹരിക്കാൻ അവസരം ലഭിക്കുന്നതിന്റെ ഭാഗമായാണ് ഐടിആർ ഭേദഗതി ചെയ്യുന്നതിനും/പരിഷ്‌കരിക്കുന്നതിനും നികുതിദായകർക്ക് ഡിസംബർ 31 വരെ സമയം അനുവദിച്ചിരിക്കുന്നത്. ആദായ നികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 16 ആയിരുന്നു. ഈ സമയപരിധിക്കുള്ളിൽ ഐടിആർ ഫയൽ ചെയ്യാൻ കഴിയാത്തവർക്ക് ബിലേറ്റഡ് റിട്ടേൺ സമർപ്പിക്കുന്നതിനാണ് ഡിസംബർ 31 വരെ സമയം അനുവദിച്ചിരിക്കുന്നത്.
യഥാർത്ഥ സമയപരിധി പാലിക്കാത്ത എല്ലാ നികുതിദായകരും ആദായ നികുതി നിയമത്തിലെ സെക്ഷൻ 234F പ്രകാരം അധിക പിഴയും സെക്ഷൻ 234A പ്രകാരമുള്ള പലിശയും അടയ്ക്കണം.സെപ്റ്റംബർ 16-ന് മുമ്പ് ഐടിആർ ഫയൽ ചെയ്തപ്പോൾ എന്തെങ്കിലും ഒഴിവാക്കുകയോ പിശക് സംഭവിക്കുകയോ ചെയ്തതായി മനസ്സിലാക്കിയാൽ അത് ഡിസംബർ 31നകം തിരുത്താൻ കഴിയും. ഈ കേസുകളിൽ നികുതിദായകർക്ക് പുതുക്കിയ റിട്ടേൺ ഫയൽ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്. ഒറിജിനൽ റിട്ടേണിൽ വരുത്തിയ തെറ്റുകൾ തിരുത്താൻ പുതുക്കിയ റിട്ടേൺ അനുവദിക്കുന്നു.
