പരിയാരം: പയ്യന്നൂരില്‍ നിന്നും മോഷ്ടിച്ച ബൈക്കിലെത്തി ചെറുതാഴം ചുമടു താങ്ങിയിലെ കാർ വാഷിംഗ് സെൻ്ററില്‍ നിന്നും കാർ മോഷ്ടിച്ചു കടന്നു കളഞ്ഞ മുപ്പതോളം മോഷണ കേസിലെ കുപ്രസിദ്ധ വാഹന മോഷ്ടാവ് പിടിയില്‍.
കാസറഗോഡ് ബേക്കല്‍ പനയാല്‍ സ്വദേശി ഹസ്ന മൻസിലില്‍ ഇബ്രാഹിം ബാദുഷ (27) യെയാണ് പരിയാരം സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജെ. വിനോയിയുടെ നേതൃത്വത്തില്‍ എസ്.ഐ.സി. സനീത്, എ.എസ്.ഐ.മാരായ അരുണ്‍ കുമാർ, ഗിരീഷ്, ഭാസ്കരൻ , സീനിയർ സിവില്‍ പോലീസ് ഓഫീസർ രജീഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
വടകര ചോമ്പാലയില്‍ മറ്റൊരു വാഹന മോഷണവുമായി ബന്ധപ്പെട്ട് പ്രതി പോലീസ് പിടിയിലാകുകയായിരുന്നു. കുടിയാന്മല ന്യു നടുവില്‍ ഗവ. ആശുപത്രിക്ക് സമീപത്തെ ഇ. മിഥുൻ കുമാറിൻ്റെ പരാതിയിലായിരുന്നു പരിയാരം പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ നവംബർ 20 ന് പുലർച്ചെയായിരുന്നു മോഷണം. പരാതിക്കാരൻ്റെ സഹോദരി ഭർത്താവിൻ്റെ അമ്മയുടെ ഉടമസ്ഥതയിലുള്ള കെ. എല്‍ . 39.പി.8902 നമ്പർ സ്വിഫ്റ്റ് കാർ ആണ് മോഷണം പോയത്.
ചുമടു താങ്ങിയിലെ കാംബ്രിഡ്ജ് കാർ വാഷിംഗ് സെൻ്ററില്‍ അണ്ടർ കോട്ടിംഗ് ചെയ്യാൻ നല്‍കിയതായിരുന്നു. മോഷണം പോയതിനെ തുടർന്ന് ഉടമ പരിയാരം പോലീസില്‍ പരാതി നല്‍കി.
കേസെടുത്ത പോലീസ് അന്വേഷണത്തില്‍ പ്രതി പയ്യന്നൂർ ടൗണില്‍ നിന്നും മോഷ്ടിച്ച ബൈക്കില്‍ ചുമടുതാങ്ങി യിലെത്തി സ്ഥാപനം കുത്തി തുറന്നാണ് കാർ മോഷ്ടിച്ചതെന്ന് കണ്ടെത്തി.
സ്ഥലത്തെ നിരീക്ഷണ ക്യാമറയില്‍ നിന്നും മോഷണ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. മോഷ്ടിച്ച ബൈക്ക് സ്ഥാപനത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് കുപ്രസിദ്ധ വാഹന മോഷ്ടാവായ ഇബ്രാഹിം ബാദുഷയാണ് കാർ കടത്തികൊണ്ടു പോയതെന്ന് തിരിച്ചറിഞ്ഞത്.
വിവിധ ജില്ലകളിലായി 30 ഓളം മോഷണ കേസിലെ പ്രതിയാണ്. മോഷ്ടിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
