കണ്ണൂർ:ഡിസംബർ 11-ന് നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പോളിംഗ് ഡ്യൂട്ടിയുള്ള ജീവനക്കാരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ കണ്ണൂർ ജില്ലയിൽ പൂർത്തിയായി. ഇതോടെ, ഉദ്യോഗസ്ഥരെ പോളിംഗ് സ്റ്റേഷനുകളിലേക്ക് നിയമിച്ചു കൊണ്ടുള്ള നടപടികൾ അന്തിമഘട്ടത്തിലായി.
തിരഞ്ഞെടുപ്പ് പൊതു നീരീക്ഷക ആർ. കീർത്തിയുടെ സാന്നിധ്യത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ ആണ് റാൻഡമൈസേഷൻ നിർവഹിച്ചത്.
പോസ്റ്റിംഗ് ഓർഡറുകൾ ഡിസംബർ 6 ന് ലഭ്യമാകും:
ഉദ്യോഗസ്ഥരെ പോളിംഗ് സ്റ്റേഷനുകളിലേക്ക് നിയമിച്ചുകൊണ്ടുള്ള പോസ്റ്റിംഗ് ഓർഡറുകൾ ഡിസംബർ 6-ന് അതാത് സ്ഥാപന മേധാവികളുടെ ഇ-ഡ്രോപ്പ് സോഫ്റ്റ്‌വെയർ ലോഗിനിൽ ലഭ്യമാക്കും. സ്ഥാപന മേധാവികൾ ഇത് ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി, അതിന്റെ സാക്ഷ്യപത്രം അതാത് തദ്ദേശ സ്ഥാപനങ്ങളിൽ സമർപ്പിക്കണം.
എ.ഡി.എം. കലാ ഭാസ്കർ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ.കെ. ബിനി, ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ കെ.വി. റിജിഷ, തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ റാൻഡമൈസേഷൻ നടപടികളിൽ പങ്കെടുത്തു.
