Zygo-Ad

മാതൃകാ പെരുമാറ്റച്ചട്ടം: കണ്ണൂരിൽ 7128 പ്രചാരണ സാമഗ്രികൾ നീക്കി; ഒരു ബാനർ സ്വകാര്യസ്ഥലത്തുനിന്നും നീക്കം ചെയ്തു

 


കണ്ണൂർ:തദ്ദേശ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ആന്റി ഡീഫേസ്‌മെന്റ് സ്ക്വാഡ് വെള്ളിയാഴ്ച വരെ 7128 പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന പോസ്റ്ററുകൾ, ബാനറുകൾ, മറ്റ് പരസ്യങ്ങൾ എന്നിവയാണ് പ്രധാനമായും നീക്കം ചെയ്തത്. സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ച ഒരു ബാനറും ഇതോടൊപ്പം നീക്കം ചെയ്തിട്ടുണ്ട്.

ചട്ടങ്ങൾ ലംഘിച്ചാൽ നടപടി

മാതൃകാ പെരുമാറ്റച്ചട്ടപ്രകാരം, ഒരു വ്യക്തിയുടെ അനുമതിയില്ലാതെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൊടിമരം നാട്ടുന്നതിനോ, ബാനറുകൾ കെട്ടുന്നതിനോ, പരസ്യം ഒട്ടിക്കുന്നതിനോ, മുദ്രാവാക്യങ്ങൾ എഴുതുന്നതിനോ സ്വകാര്യ സ്ഥലങ്ങളോ കെട്ടിടങ്ങളോ ഉപയോഗിക്കാൻ പാടില്ല.

കൂടാതെ, സർക്കാർ ഓഫീസുകളിലും പരിസരത്തും ചുവരെഴുത്ത്, പോസ്റ്റർ ഒട്ടിക്കൽ, ബാനർ/കട്ടൗട്ട് സ്ഥാപിക്കൽ എന്നിവ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് അസൗകര്യമോ ശല്യമോ ഉണ്ടാക്കുന്ന രീതിയിൽ പ്രചാരണ സാമഗ്രികൾ സ്ഥാപിക്കാനും പാടില്ല.

ഏതെങ്കിലും പൊതു/സ്വകാര്യ സ്ഥലം രാഷ്ട്രീയ കക്ഷികളോ സ്ഥാനാർത്ഥികളോ വികൃതമാക്കിയതായി പരാതി ലഭിച്ചാൽ, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകും. നോട്ടീസ് ലഭിച്ചിട്ടും സാമഗ്രികൾ നീക്കം ചെയ്യാതിരുന്നാൽ, അവ നീക്കം ചെയ്യുന്നതിനുള്ള നടപടി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ സ്വീകരിക്കുകയും, അതിനുവരുന്ന ചെലവ് ബന്ധപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിനോട് ചേർക്കുകയും ചെയ്യും.


Previous Post Next Post