തളിപ്പറമ്പ്: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തളിപ്പറമ്പ് നഗരസഭ പരിധിയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ തളിപ്പറമ്പിലെ വിബ്ജിയോർ അഡ്വർടൈസിങ്, ആഡ് സ്റ്റാർ അഡ്വർടൈസിങ് എന്നീ സ്ഥാപനങ്ങളില്‍ നിന്നും വിവിധ വലിപ്പത്തിലുള്ള ഉപയോഗിച്ചു കൊണ്ടിരിക്കുന്നതും ഉപയോഗത്തിനായി സംഭരിച്ചു വെച്ചതുമായ നാല്പത്തൊന്നോളം നിരോധിത ഫ്ലെക്സ് റോളുകള്‍ പിടികൂടി.
വിവിധ സ്ഥാപനങ്ങള്‍ക്ക് നല്‍കാൻ വേണ്ടി നിരോധിത ഫ്ലെക്സില്‍ പ്രിന്റ് ചെയ്ത ബാനറുകളും സ്‌ക്വാഡ് പിടിച്ചെടുത്തു.
വ്യാപാര സ്ഥാപനങ്ങള്‍ക്കും ഇലക്ഷൻ പ്രചരണത്തിനും വേണ്ടിയുള്ള ബാനറുകളാണ് നിരോധിത ഉല്‍പന്നങ്ങളില്‍ പ്രിൻ്റ് ചെയ്തിരിക്കുന്നത്.
രണ്ട് സ്ഥാപനങ്ങള്‍ക്കും 25000 രൂപ വീതം പിഴ ചുമത്തി. രണ്ടാം തവണയാണ് ഈ സ്ഥാപനങ്ങളില്‍ നിന്ന് നിരോധിത ഫ്ലെക്സ് ഉല്‍പ്പന്നങ്ങള്‍ പിടികൂടുന്നത്.
റീ സൈക്കിള്‍ ചെയ്യാവുന്ന പോളി എത്തിലീൻ റോളുകള്‍ക്ക് മാത്രമാണ് ഹരിത പെരുമാറ്റ ചട്ട പ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും മലിനീകരണ നിയന്ത്രണ ബോർഡും അനുമതി നല്‍കിയിട്ടുള്ളത്. കൂടാതെ പേപ്പറുകളും 100% കോട്ടണ്‍ തുണികളും പ്രചരണത്തിന് ഉപയോഗിക്കാം.
നിരോധിത വസ്തുവായ പോളി കോട്ടണ്‍, കൊറിയൻ ക്ലോത്ത് എന്നീ വസ്തുക്കളില്‍ പ്രിന്റ് ചെയ്ത് അതിനു മുകളില്‍ പോളി എത്തിലിൻ ഷീറ്റുകള്‍ക്ക് നല്‍കിയ ക്യു ആർ കോഡ് പ്രിൻറ് ചെയ്താണ് നിയമ ലംഘനം നടത്തുന്നതെന്ന വ്യാപക പരാതിയെ തുടർന്നാണ് മിന്നല്‍ പരിശോധന നടത്തിയത്.
പിടിച്ചെടുത്ത വസ്തുക്കള്‍ തളിപ്പറമ്പ് നഗരസഭക്ക് കൈമാറി. ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കർശനമായ പരിശോധന തുടരുന്നതാണെന്ന് സ്ക്വാഡ് ലീഡർ അറിയിച്ചു.
പരിശോധനയില്‍ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബില്‍ സി കെ തളിപ്പറമ്പ് നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇൻസ്‌പെക്ടർ ഗ്രേഡ്-2 ജൂന റാണി എ. വി തുടങ്ങിയവർ പങ്കെടുത്തു.
