ആലപ്പുഴ: റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ മനുഷ്യന്റെ കാൽ, കണ്ണൂരിൽ അപകടത്തിൽ മരിച്ച വ്യക്തിയുടേതാണെന്ന നിഗമനം ശക്തമാകുന്നു. തിങ്കളാഴ്ച കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച എടക്കാട് സ്വദേശി മനോഹരന്റെ മൃതദേഹത്തിൽ നിന്നാണ് കാൽ വേർപെട്ടതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
നവംബർ 17-ന് കണ്ണൂരിൽ നിന്നുള്ള സർവീസ് പൂർത്തിയാക്കി മടങ്ങിയ മെമു ട്രെയിനിലാണ് കാലിന്റെ ഭാഗം കുടുങ്ങി ആലപ്പുഴയിൽ എത്തിയത് എന്നാണ് സംശയം. കൂടുതൽ പരിശോധനകൾക്കായി കണ്ണൂരിൽ നിന്നുള്ള പോലീസ് സംഘം ഇന്ന് ആലപ്പുഴയിലെത്തും.
ഇന്നലെ രാവിലെ ഒമ്പതോടെ എറണാകുളം–ആലപ്പുഴ മെമു ട്രെയിൻ യാർഡിലേക്ക് മാറ്റിയപ്പോൾ ശുചീകരണ തൊഴിലാളികളാണ് മുട്ടിന് താഴെയുള്ള മനുഷ്യൻ്റെ കാലിന്റെ ഭാഗം കണ്ടത്. വിവരം ലഭിച്ചതോടെ റെയിൽവേ പോലീസ് സംഘം, ഫോറൻസിക് വിദഗ്ധർ എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. മൂന്നുദിവസത്തെ പഴക്കം ഉള്ള മൃതദേഹാവശിഷ്ടമാണെന്നാണ് ആദ്യം ലഭിച്ച വിലയിരുത്തൽ.
ട്രെയിൻ ഇടിച്ചുണ്ടായ അപകടത്തിൽ മൃതദേഹ ഭാഗം ബോഗിയുടെ അടിഭാഗത്ത് കുടുങ്ങിയിരിക്കാമെന്നും, പിന്നീട് ആലപ്പുഴയിൽ എത്തുമ്പോൾ ട്രാക്കിലേക്കാണ് വീണതെന്നുമാണ് അന്വേഷണ സംഘം കരുതുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സർവീസ് നടത്തുന്ന മെമു ട്രെയിനായതിനാൽ, ഏത് ഭാഗത്താണ് അപകടം സംഭവിച്ചതെന്ന് കണ്ടെത്താൻ പൊലീസ് പരിശ്രമിച്ചുവരികയാണ്.
മൃതശരീര ഭാഗം നിലവിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. കൂടുതൽ പരിശോധനകളും തിരിച്ചറിയൽ നടപടികളുമാണ് തുടരുന്നത്.
