Zygo-Ad

കണ്ണൂരിൽ കാർ പാർക്കിങിന് പരിഹാരമാകുന്നു; മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി


 കണ്ണൂർ: നഗരത്തിൽ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി. വാഹന പാര്‍ക്കിങ്ങിന് ഒരു പരിധിവരെ പരിഹാരമായി കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനാണ് പാർക്കിങ് കേന്ദ്രം നിർമിച്ചത്. ജവഹര്‍ സ്റ്റേഡിയം സ്വാതന്ത്ര്യ സ്മാരക സ്തൂപത്തിനു സമീപം, ബാങ്ക് റോഡ് പീതാംബര പാര്‍ക്ക് എന്നിവിടങ്ങളിലാണ് മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം ഒരുക്കിയത്. സ്റ്റേഡിയം കോര്‍ണറിലെ കേന്ദ്രത്തിന്റെ ഉദ്ഘാടനം കെ സുധാകരൻ എംപി നിർവഹിച്ചു.

നഗരത്തില്‍ വാഹനം പാര്‍ക് ചെയ്യാന്‍ സ്ഥലമില്ലാത്ത പ്രശ്‌നം മള്‍ട്ടിലെവല്‍ പാര്‍കിങ് കേന്ദ്രത്തിലൂടെ ഒരു പരിധിവരെ പരിഹരിക്കാനാകുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മേയര്‍ മുസ്ലിഹ് മഠത്തിൽ പറഞ്ഞു. ജവാഹര്‍ സ്റ്റേഡിയത്തിനു സമീപം ആറ് നിലകളിലായി നാല് യൂണിറ്റുകളാണ് പ്രവർത്തിക്കുക. ഓരോ നിലകളിലും 31വീതം കാറുകള്‍ പാര്‍ക്ക് ചെയ്യാം. കേന്ദ്രത്തില്‍ ഒരേസമയം 124 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാം.

കരാര്‍ പുനെ ആസ്ഥാനമായ അഡി സോഫ്റ്റ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡാണ് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള അതിനൂതന മള്‍ട്ടിലവല്‍ കാര്‍ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ കരാറെടുത്ത് പൂര്‍ത്തിയാക്കിയത്. 12.4 കോടി രൂപ ചെലവിലാണ് പാർക്കിങ് കേന്ദ്രങ്ങൾ നിർമിച്ചത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലടക്കമെത്തുന്ന യാത്രക്കാർക്ക് കാർ പാർക്കിങ് കേന്ദ്രം ഏറെ ഉപകാരപ്പെടും.

Previous Post Next Post