Zygo-Ad

പരീക്ഷാ ക്രമക്കേടും അഡ്മിഷനില്‍ തിരിമറിയും: നഴ്സിങ് വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നിയമ പോരാട്ടവുമായി കണ്ണൂർ സ്വദേശിനിയായ വിദ്യാർത്ഥിനി


കണ്ണൂർ: പരീക്ഷാ ക്രമക്കേടും അഡ്മിഷനില്‍ തിരിമറിയും നടത്തി ഫീസ് ഇനത്തില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത നഴ്സിങ് വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നിയമ പോരാട്ടം തുടരുമെന്ന് കണ്ണൂർ സ്വദേശിനിയായ വിദ്യാർത്ഥിനി കണ്ണൂർ പ്രസ് ക്ലബ്ബില്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബംഗ്ളൂരിലെ പ്രമുഖ നഴ്സിങ് പഠന കേന്ദ്രമായ രാജീവ് ഗാന്ധി ഹെല്‍ത്ത് സയൻസ് യൂനിവേഴ്സിറ്റിയുടെയും മറ്റു വിദ്യാഭ്യാസ അധികൃതർക്കും ഈ തട്ടിപ്പില്‍ പങ്കുണ്ട്. 

നിയമ വിരുദ്ധ അഡ്മിഷനുകള്‍ വ്യാജ പരീക്ഷകള്‍,വൻ അഴിമതികള്‍ എന്നിവ ചൂണ്ടിക്കാട്ടി താൻ കർണാടക ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ എട്ടു പേർക്ക് കോടതി നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ഇരിട്ടി വള്ളിക്കോട് സ്വദേശിനിയായ വർഷ ഹരിദാസ് പറഞ്ഞു. ഇതു കാരണം താനും കുടുംബവും നിരവധി ഭീഷണികള്‍ ഫോണിലൂടെ നേരിടുകയാണ്.

മാനേജ്മെൻ്റും അഡ്മിഷൻ ഏജൻ്റുമാരുമാണ് പല നമ്പറുകളില്‍ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തുന്നത്. കേസില്‍ നിന്നും പിൻമാറുന്നതിനായി ഭീഷണിപ്പെടുത്തുകയും പണം വാഗ്ദ്ധാനം ചെയ്തു പിൻവാങ്ങാനും ആവശ്യപ്പെടുകയുമാണ്. ഇതു കാരണം താനും കുടുംബവും നേരിടുന്ന ഭീഷണികളില്‍ നിന്നും സംരക്ഷണത്തിനായി കണ്ണൂർ റൂറല്‍ പൊലിസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് വർഷ അറിയിച്ചു. 

ബി.എസ് സി നഴ്സിങ്ങിന് കൊവിഡ് കാലത്ത് വിദ്യാഭ്യാസ വായ്പ ബാങ്കില്‍ നിന്നെടുത്താണ് താൻ ചേർന്നത്. നഴ്സിങ് ഏജൻ്റ് വീട്ടിലെത്തിയാണ് അഡ്മിഷൻ കാര്യം ചെയ്തത്. കോളേജ് അധികൃതർക്ക് ബാങ്ക് മുഖേനെയാണ് ഫീസും ഡൊണേഷനുമായി പണം നല്‍കിയത്. 

നാല് ലക്ഷത്തിലേറെ രൂപയാണ് ഇങ്ങനെ കൈമാറിയത്. ദിയ നഴ്സിങ് കോളേജിലാണ് പ്രവേശനം ലഭിച്ചതെങ്കിലും മറ്റൊരു കോളേജായ ഭരത് കോളേജിലാണ് സീറ്റ് നല്‍കിയത്. ഒന്നാം വർഷ പരീക്ഷ എഴുതിയതിനു ശേഷം വ്യാജ സർട്ടിഫിക്കറ്റാണ് തനിക്ക് നല്‍കിയത്.

ഇതു കാരണം പഠനം ഉപേക്ഷിക്കേണ്ടി വന്നുവെന്നും വർഷ പറഞ്ഞു. വെല്‍ഫെയർ അസോ. ഓഫ് പ്രൊഫഷനല്‍ സ്കോളേഴ്സ് ഇന്ത്യയുടെ സഹായത്തോടെയാണ് ഇപ്പോള്‍ നിയമ പോരാട്ടം നടത്തി വരുന്നത്. 

തന്നെപ്പോലെ വിദ്യാഭ്യാസ ചൂഷണം ചെയ്യപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്യുന്ന ഒരു പാട് വിദ്യാർത്ഥിനികളുണ്ടെങ്കിലും ഭയം കൊണ്ടാണ് അവർ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ പ്രതികരിക്കാത്തതെന്നും വർഷ പറഞ്ഞു. 

വാർത്താ സമ്മേളനത്തില്‍ വെല്‍ഫെയർ അസോ. ഓഫ് പ്രൊഫഷനല്‍ സ്കോളേഴ്സ് ഇൻ ഇൻഡ്യ അഖിലേന്ത്യാ അദ്ധ്യക്ഷൻ എം.കെ തോമസുംവർഷ യുടെ അമ്മ ആർഷ ഹരിദാസ് എന്നിവരും പങ്കെടുത്തു.

Previous Post Next Post