കണ്ണൂർ: നിർമ്മാണം തുടരുന്ന കണ്ണൂർ–ചാല ഭാഗത്തെ ദേശീയപാതയിലെ അടിപ്പാതയിൽ നിന്നും താഴേക്ക് വീണ കാറിനെ ഫയർഫോഴ്‌സ് ക്രെയിൻ ഉപയോഗിച്ച് പുറത്തെടുത്തു. ദേശീയപാത 66-ൽ, തലശ്ശേരി ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കാറിനാണ് അപകടം സംഭവിച്ചത്.
ചാല അമ്പലത്തിനടുത്തുള്ള അടിപ്പാതയുടെ മുകളിൽ നിന്നാണ് കാർ കുത്തനെ താഴേക്ക് പതിച്ചത്. സംഭവം നടന്നിടത്ത് മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയായിട്ടില്ല. പാലത്തിന്റെ ഇരുവശങ്ങളും ബന്ധിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുന്നതിനിടെ, വാഹനമവിടെ താഴേക്ക് വീണാണ് കുടുങ്ങിയത്.
കാറിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ ഏണി ഉപയോഗിച്ച് താഴേക്ക് ഇറങ്ങി രക്ഷപ്പെടുത്തി. ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
അപകട വിവരം ലഭിച്ചതോടെ കണ്ണൂരിൽ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ക്രെയിന്റെ സഹായത്തോടെ കാറിനെ മുകളിലേക്ക് ഉയർത്തി റോഡിലാക്കി. ഈ റോഡ് പൊതുഗതാഗതത്തിന് ഇതുവരെ തുറന്നിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഗതാഗതം നിരോധിച്ചതിനെ അവഗണിച്ചാണ് ഡ്രൈവർ ഇവിടേക്ക് കാർ ഓടിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പോലീസ് ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
