Zygo-Ad

ജില്ലാ സ്കൂൾ കലോത്സവം: ആരോഗ്യ വകുപ്പിന്റെ സംയുക്ത പരിശോധന; പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു


 കണ്ണൂർ:ജില്ലാ സ്കൂൾ കലോത്സവത്തെ മുന്നോടിയായി കണ്ണൂർ നഗരത്തിൽ ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, കണ്ണൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗം എന്നിവയുടെ നേതൃത്വത്തിൽ വ്യാപകമായ സംയുക്ത പരിശോധന നടത്തി. പ്രധാന വേദികൾ, പാചകശാലകൾ, സ്റ്റോർറൂമുകൾ, കുടിവെള്ള സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിലാകെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്തുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം.

കണ്ണൂർ ടൗൺ ഭാഗത്ത് ഭക്ഷ്യ-പാനീയ വിതരണം നടത്തുന്ന 11 സ്ഥാപനങ്ങൾ പരിശോധിക്കപ്പെട്ടതിൽ പഴകിയ മിൽക്ക്, ഐസ്‌ക്രീം, ഫലവർഗങ്ങൾ എന്നിവ കണ്ടെത്തി നശിപ്പിച്ചു. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാത്തതും ജലഗുണനിലവാര പരിശോധന റിപ്പോർട്ട് ഉണ്ടാകാത്തതുമാണ് കൂടുതലായി കണ്ടെത്തപ്പെട്ട ക്രമക്കേടുകൾ. ഒരു സ്ഥാപനത്തിന് ശുചിത്വ മാനദണ്ഡം പാലിക്കാത്തതിനാൽ പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നൽകി.

കലോത്സവ ദിനങ്ങളിൽ പ്രധാന വേദികൾക്ക് സമീപമുള്ള ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധന കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഷൈനി ഹരിദാസ്, ജില്ലാ സർവേലൻസ് ഓഫിസർ ഡോ. കെ. സി. സച്ചിൻ, പബ്ലിക് ഹെൽത്ത് സ്പെഷ്യൽ ചാർജ് സി. പി. സലിം എന്നിവർ ഉൾപ്പെട്ട യോഗത്തിൽ കലോത്സവവുമായി ബന്ധപ്പെട്ട ശുചിത്വ-സുരക്ഷാ നിർദ്ദേശങ്ങൾ വിശദീകരിച്ചിരുന്നു.

ജില്ലാമെഡിക്കൽ ഓഫീസറുടെ ചുമതലയുള്ള ഡോ. കെ. ടി. രേഖയുടെ നിർദേശപ്രകാരം നടന്ന പരിശോധനയ്ക്ക് ടെക്നിക്കൽ അസിസ്റ്റൻറ് കെ. ജി. ഗോപിനാഥൻ, എം. ബി. മുരളി, പാപ്പിനിശ്ശേരി ഹെൽത്ത് സൂപ്പർവൈസർ എം. കെ. രാജു, ഹെൽത്ത് ഇൻസ്പെക്ടർ എൻ. അജയകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ, കോർപ്പറേഷൻ ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post