Zygo-Ad

ഡിജിറ്റൽ അറസ്റ്റ്; 1 കോടി 64 ലക്ഷം രൂപ തട്ടിപ്പിലൂടെ കൈക്കലാക്കിയ പ്രതി പിടിയിൽ


കണ്ണൂർ താവക്കര സ്വദേശിനിയുടെ ഒരുകോടി 64 ലക്ഷം രൂപ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ കൈക്കലാക്കിയ കേസിൽ ഉൾപ്പെട്ട പ്രതി പിടിയിൽ.

തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം ബാങ്കിൽ നിന്നും ചെക്ക് ഉപയോഗിച്ച് പിൻവലിച്ച സംഘത്തിൽപ്പെട്ട കോഴിക്കോട് ഒളവണ്ണ സ്വദേശിയായ മുഹമ്മദ് അമീൻ ഫർഹാൻ (24 വയസ്സ്) ആണ് അറസ്റ്റിലായത്. ഗൾഫിലേക്ക് കടന്ന പ്രതി നാട്ടിലേക്ക് തിരിച്ചുവരവെ, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി. ഐ.പി.എസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

ഈ കേസിന്റെ അന്വേഷണം നടത്തിവരുന്ന കണ്ണൂർ സിറ്റി സൈബർ ക്രൈം ഇൻസ്പെക്ട‌ർ സനൽ കുമാറിന്റെ നിർദ്ദേശാനുസരണം എസ്.ഐ. ഷമിത്ത്, എസ്.ഐ. ജ്യോതി, എസ്.സി.പി.ഒ. ജിതിൻ, സി.പി.ഒ. സുനിൽ എന്നിവരടങ്ങുന്ന സംഘം കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയാണ് പ്രതിയെ പിടികൂടിയത്.

തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഈ കേസിൽ ഇതുവരെയായി വിവിധ സംസ്ഥാനങ്ങളിലുള്ള പതിനൊന്ന് പേരെ കണ്ണൂർ സിറ്റി സൈബർ പോലീസ് സ്ക്വാഡ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

Previous Post Next Post