കണ്ണൂർ: കഴിഞ്ഞ ദിവസം തളിപ്പറമ്പിലുണ്ടായ തീപിടിത്തത്തിനിടെ സൂപ്പർ മാർക്കറ്റില്‍ നിന്നും മോഷണം നടത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്.
തളിപ്പറമ്പിലെ നബ്രാസ് ഹൈപ്പർ മാർക്കറ്റില്‍ നിന്ന് 10,000 രൂപയുടെ സാധനങ്ങൾ പർദ്ദയിട്ട സ്ത്രീ കടത്തിയെന്ന് ഉടമയായ നിസാർ പരാതിപ്പെട്ടിരുന്നു. ആളുകളുടെ മുഴുവൻ ശ്രദ്ധ പുറത്തെ തീപിടിത്തത്തിലായിരിക്കുമ്പോള്‍ ആയിരുന്നു സ്ത്രീയുടെ മോഷണം.
സാധനങ്ങള്‍ കൈക്കലാക്കിയ ശേഷം തീയണയ്ക്കാൻ ശ്രമിക്കുന്ന ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇവർ പോകുകയായിരുന്നു. സൂപ്പർ മാർക്കറ്റില്‍ നിന്ന് യുവതി സാധനങ്ങള്‍ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. സൂപ്പർ മാർക്കറ്റ് അധികൃതർ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. തളിപ്പറമ്പിലെ സമീപ പഞ്ചായത്തിലെ തളിപ്പറമ്പിനു സമീപത്തു താമസിക്കുന്ന ഇവർ എടുത്ത സാധനങ്ങളുടെ വില സ്ത്രീയിൽ നിന്നും ഈടാക്കി. അതിനാല്‍ കേസില്ലെന്നു സ്ഥാപന ഉടമ പറഞ്ഞു.
തുടർന്ന് പോലീസ് ഇവരെ താക്കീത് ചെയ്ത് വിട്ടയച്ചു. തീപിടിത്ത സമയത്ത് കടയില്‍ മറ്റൊരു സ്ത്രീയും മോഷണം നടത്തിയിരുന്നെങ്കിലും അവരെ പിടികൂടിയിരുന്നു.
വ്യാഴാഴ്ചയാണ് തളിപ്പറമ്ബ് ബസ് സ്റ്റാൻഡ് പരിസരത്തെ കെ.വി.കോംപ്ലക്സില്‍ വൻ തീപിടിത്തം ഉണ്ടായത്. വൈകീട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. 15 ഫയർ യൂണിറ്റുകള്‍ എത്തി മൂന്നു മണിക്കൂറിലേറെ സമയമെടുത്തായിരുന്നു തീ അണച്ചത്.