തളിപ്പറമ്പ്: സൈക്കിളില്‍ റോഡ് കുറുകെ കടക്കുകയായിരുന്ന ഒൻപതു വയസുകാരനെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു.
തളിപ്പറമ്പ്-ആലക്കോട് റോഡ് സയിദ് നഗറില്‍ റോയല്‍ ഇംഗ്ലിഷ് മീഡിയം സ്കൂളിനു മുന്നില്‍ കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞായിരുന്നു അപകടം.
റോയല്‍ ഇംഗ്ലീഷ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയും സിഎച്ച് റോഡിലെ കൊടിയില്‍ ജസീമിന്‍റെ മകനുമായ ഹംദാനാണ് അപകടത്തില്‍പെട്ടത്. സ്കൂള്‍ വിട്ട ശേഷം ഉച്ച കഴിഞ്ഞ് 3.45 ന് സ്‌കൂള്‍ ഗേറ്റിന് മുൻപിലുള്ള റോഡില്‍ ഇരുവശത്തേക്കും നോക്കിയ ശേഷമാണ് സൈക്കിളില്‍ കുട്ടി റോഡില്‍ പ്രവേശിച്ചത്.
റോഡിന് മധ്യത്തില്‍ എത്തിയപ്പോഴാണ് ബൈക്ക് സൈക്കിള്‍ ഇടിച്ചു തെറിപ്പിച്ചത്. തെറിച്ചു വീണ ഹംദാൻ പെട്ടെന്ന് തന്നെ ചാടി എഴുന്നേല്‍ക്കുകയായിരുന്നു. അപകടം കണ്ട് സമീപത്തെ കടയിലുണ്ടായിരുന്ന ഒരാളാണ് ഹംദാനെ എടുത്തു കൊണ്ട് വന്നത്.
റോഡിന് മധ്യത്തില്‍ വീണ കുട്ടിയുടെ തൊട്ടടുത്തു കൂടി ഒരു സ്കൂട്ടർ കടന്നു പോകുകയും ചെയ്തു. സ്കൂട്ടറിന് പിന്നാലെ എത്തിയ മറ്റൊരു ബൈക്ക് ഹംദാന്‍റെ തൊട്ടടുത്തെത്തി സഡൻ ബ്രേക്കിട്ട് നില്‍ക്കുകയായിരുന്നു. അതിനാല്‍ മറ്റ് അപകടം ഒഴിവായി.
