കണ്ണൂർ: കണ്ണൂർ ബർണ്ണശേരിയില്‍ ദുരൂഹ സാഹചര്യത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരണമടഞ്ഞ സംഭവത്തില്‍ മയക്കുമരുന്ന് മാഫിയയെ കേന്ദ്രീകരിച്ചു പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി.
കണ്ണൂർ നഗരത്തിലെ കക്കാട് സ്വദേശി കുന്നും പുറത്ത് ഹൗസില്‍ നിസാമുദ്ദീൻ (33) നെയാണ് ഇന്നലെ ഉച്ചയോടെ ബർണ്ണശേരി സി എസ് ഐ പള്ളിക്ക് സമീപത്തെ വീട്ടില്‍ കുഴഞ്ഞു വീണതായി പറയുന്നത്.
തുടർന്ന് അവിടെയുണ്ടായിരുന്ന ഇയാളുടെ സുഹൃത്തുക്കളായ മൂന്ന് പേർ ചേർന്ന് യുവാവിനെ തൂക്കിയെടുത്ത് കൊണ്ടു പോവുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
തുടർന്ന് സിറ്റി സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി യുവാവിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വെള്ളം ചോദിച്ചാണ് യുവാവ് വീട്ടിലെത്തിയതെന്നും കുഴഞ്ഞു വീഴുകയുമായിരുന്നെന്ന് വീട്ടിലുണ്ടായിരുന്നവർ പറഞ്ഞതായി പൊലീസ് പറഞ്ഞു.
യുവാവിനെ തൂക്കിയെടുത്ത് കൊണ്ടുപോയി റോഡില്‍ കിടത്തിയത് സമീപവാസികള്‍ ചോദ്യം ചെയ്തതായും പറയുന്നുണ്ട്. കണ്ണൂർ സിറ്റി പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.
ഈ പ്രദേശത്ത് മയക്കുമരുന്ന് മാഫിയാ സംഘം രാപ്പകല്‍ ഭേദമില്ലാതെ വിലസുകയാണെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. ഇതിനെതിരെ പൊലിസ് നടപടി ശക്തമാക്കണമെന്നാണ് ആവശ്യം.
