കണ്ണൂർ: കെ പി സി സി ഭാരവാഹികളുടെ പുനഃസംഘടനക്കായി ജംബോ കമ്മിറ്റി പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നു.
വനിതാ നേതാക്കള്‍ക്ക് അർഹമായ സ്ഥാനം നല്‍കിയില്ലെന്നാണ് പരാതി. ഇതില്‍ പ്രതിഷേധം ശക്തമാക്കി കണ്ണൂരിലെ വനിതാ നേതാവായ ഡോക്ടർ ഷമ മുഹമ്മദ് രംഗത്തെത്തി.
കെ പി സി സി പട്ടികക്ക് പിന്നാലെ കഴിവ് മാനദണ്ഡമോയെന്ന പരിഹാസ ഫേസ്ബുക്ക് പോസ്റ്റുമായാണ് ഷമ മുഹമ്മദ് രംഗത്തെത്തിയത്. പുനഃസംഘടനയില്‍ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ഷമ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
ചാണ്ടി ഉമ്മനെ പരിഗണിക്കാത്തതില്‍ എതിർപ്പുമായി ഒരു വിഭാഗം രംഗത്തെത്തി. കണ്ണൂർ ഡി സി സിയുടെ പരിപാടികളിലും സമരങ്ങളിലും ഷമ അടുത്തിടെ സജീവമായിരുന്നു.
എന്നിട്ടും പുനഃസംഘടനയില്‍ ഇടം ലഭിക്കാത്തതാണ് ഷമയെ പ്രകോപിച്ചത്. ഷമക്ക് പിന്നാലെ സ്ഥാനം ലഭിക്കാത്ത കൂടുതല്‍ നേതാക്കള്‍ വരും ദിവസങ്ങളില്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തുമെന്നാണ് സൂചന.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഷമാ കണ്ണൂരില്‍ നിന്നും മത്സരിച്ചേക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. അന്ന് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാതിരുന്നതോടെ പുനഃസംഘടനയില്‍ പരിഗണിക്കുമെന്ന ഉറപ്പ് ഷമയ്ക്ക് മുന്നിലുണ്ടായിരുന്നു.
ഇത് പാലിക്കപ്പെടാതെ വന്നതോടെയാണ് ഷമ അതൃപ്തി പരസ്യമാക്കിയത്. നിലവില്‍ കണ്ണൂരില്‍ സജീവമാണ് ഷമ.