Zygo-Ad

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം: പുറമെ നിന്ന് സഹായം ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്


കണ്ണൂര്‍: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ മറ്റാരും സഹായം നല്‍കിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.

സംഭവത്തില്‍ ആറ് സഹതടവുകാരുടേയും ജയില്‍ ജീവനക്കാരുടേയും മൊഴിയെടുക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തതിന്റേയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. 

ജയില്‍ചാട്ടത്തെക്കുറിച്ച്‌ ഗോവിന്ദച്ചാമി ആകെ പറഞ്ഞത് തന്റെ സഹതടവുകാരനായ തേനി സുരേഷിനോട് മാത്രമാണെന്നാണ് നിഗമനം. 

സെല്ലിന്റെ അഴികള്‍ മുറിക്കാന്‍ ഗോവിന്ദച്ചാമി ഉപയോഗിച്ച ആയുധത്തെക്കുറിച്ച്‌ അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്നും റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

വിയ്യൂരെത്തി ഗോവിന്ദച്ചാമിയുടെ മൊഴിയും ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. അതിനുപിന്നാലെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുമെത്തി ക്രൈംബ്രാഞ്ച് സംഘം പരിശോധനകള്‍ നടത്തിയത്. അന്വേഷണത്തിന്റെ ഒരു ഘട്ടം പോലിസ് സംഘം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

ജയിലിനകത്തുനിന്നോ പുറത്തുനിന്നോ ഗോവിന്ദച്ചാമിക്ക് സഹായം ലഭിച്ചതിന്റെ യാതൊരു സൂചനകളും അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ല. ഗോവിന്ദച്ചാമി അഴികള്‍ മുറിക്കാനുപയോഗിച്ച ആയുധത്തെ സംബന്ധിച്ച്‌ അവ്യക്തതയുണ്ട്. 

തെളിവെടുപ്പിനിടെ കണ്ടെത്തിയ ആയുധം വളരെ ചെറുതാണ്. ഇത്ര ചെറിയ ആയുധം ഉപയോഗിച്ച്‌ ബലമുള്ള ഇരുമ്ബുകമ്ബികള്‍ മുറിക്കാനാകില്ലെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ നിഗമനം.

ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടം കണ്ണൂര്‍ സിറ്റി പോലിസിലെ പ്രത്യേക സംഘമാണ് ആദ്യം അന്വേഷിച്ചിരുന്നത്. കേസില്‍ സമഗ്രമായ അന്വേഷണം ആവശ്യമായി വന്നതിനെ തുടര്‍ന്ന് ഈ മാസം ഒന്നിന് ക്രൈംബ്രാഞ്ചിന് കേസ് കൈമാറുകയായിരുന്നു. 

നിലവിലെ അന്വേഷണ സംഘം കേസ് ഫയല്‍ നല്‍കാന്‍ വൈകിയതിനാലാണ് കേസ് അന്വേണം തുടങ്ങാന്‍ വൈകിയതെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിക്കുന്നത്.

2011 ഫെബ്രവരി ഒന്നിനാണ് കൊച്ചി-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ഇരുപത്തിമൂന്നുകാരിയായ ജീവനക്കാരി പീഡനത്തിന് ഇരയായത്. 

ഫെബ്രവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍വച്ച്‌ പെണ്‍കുട്ടി മരിച്ചു. തുടര്‍ന്ന് നടന്ന വിചാരണയില്‍ ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചു. ഹൈക്കോടതി ശിക്ഷ ശരിവച്ചെങ്കിലും സുപ്രിംകോടതി ശിക്ഷ ജീവപര്യന്തമാക്കി.

 പെണ്‍കുട്ടിയെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്നും തള്ളിയിട്ടെന്ന് മൊഴി നല്‍കിയ സാക്ഷിയെ പ്രോസിക്യൂഷന്‍ വിസ്തരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ ജീവപര്യന്തമാക്കിയത്. പെണ്‍കുട്ടിയെ തള്ളിയിട്ടതാണോ വീണതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് സുപ്രിംകോടതി നിരീക്ഷിച്ചത്. 

അതേ സമയം, ബലാല്‍സംഗം നടന്നെന്നും അത് ചെയ്തത് ഗോവിന്ദച്ചാമിയാണെന്ന് ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.

Previous Post Next Post