കണ്ണൂർ: ജില്ലയില്‍ മാരക ലഹരി മരുന്ന് കടത്ത്. ശ്രീകണ്ഠാപുരത്ത് വാഹനത്തില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന വൻ അളവിലുള്ള എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.
കെ.കെ. റാഷിദ് (33) ആണ് അറസ്റ്റിലായത്.
രഹസ്യമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാള്‍ എക്സൈസ് പിടിയിലായതെന്ന് അധികൃതർ അറിയിച്ചു.
ശ്രീകണ്ഠാപുരം കോട്ടപ്പറമ്പില്‍ വെച്ചാണ് എക്‌സൈസ് സംഘം ലഹരിമരുന്ന് പിടികൂടിയത്. കെ എല്‍ 04. എ.ഡി.8158 നമ്പർ ട്രാവലർ വാഹനത്തില്‍ കടത്താൻ ശ്രമിച്ച 26.851 ഗ്രാം എംഡിഎംഎയാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.
എക്‌സൈസ് റേഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ സി.എച്ച് നസീബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റും. പരിശോധനാ സംഘത്തില്‍ അസി. എക്‌സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ വാസുദേവൻ പിസി, പ്രകാശൻ പി വി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മാരായ രഞ്ജിത് കുമാർ പി എ, പ്രദീപൻ എം വി, ഷഫീക്ക് എം എം, ഷാജി കെ വി, സിവില്‍ എക്‌സൈസ് ഓഫീസർമാരായ രമേശൻ എം, ശ്യാംജിത്ത് ഗംഗാധരൻ, വനിത സിവില്‍ എക്സൈസ് ഓഫീസർ മല്ലിക പി കെ, സിവില്‍ എക്സൈസ് ഓഫീസർ ഡ്രൈവർ കേശവൻ ടി എം എന്നിവരും പങ്കെടുത്തു.
പിടികൂടിയ യുവാവിനെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തതായും തുടർ നടപടികള്‍ ആരംഭിച്ചതായും എക്‌സൈസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
