കണ്ണൂർ: ജില്ലാ ആശുപത്രിയിൽ തിമിരശസ്ത്രക്രിയയ്ക്ക് വിധേയനായ വയോധികന് കാഴ്ച നഷ്ടപ്പെട്ടെന്ന പരാതിയിൽ ഡോക്ടർക്കെതിരെ പോലീസ് കേസ് എടുത്തു. പാട്യം പത്തായക്കുന്ന് സ്വദേശിയായ കെ.വി. നാണുവിൻ്റെ ഇടത് കണ്ണിന്റെ കാഴ്ചയാണ് നഷ്ടപ്പെട്ടത്. നേത്രരോഗ വിദഗ്‌ധയായ ഡോ. സന്ധ്യാ റാമിനെതിരെയാണ് കണ്ണൂർ സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
2024 മാർച്ച് 9നാണ് ശസ്ത്രക്രിയ നടന്നത്. കൂത്തുപറമ്പിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ കണ്ണ് പരിശോധനക്കെത്തിയ നാണുവിന് തിമിരമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു. എന്നാൽ ശസ്ത്രക്രിയയ്ക്കുശേഷം കണ്ണിൽ കടുത്ത വേദന അനുഭവപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു.
ഡോക്ടറോട് വിവരം അറിയിച്ചപ്പോള്‍ അത് സാധാരണമായ വേദനയാണെന്നായിരുന്നു മറുപടി. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടതായി മനസ്സിലായത്. സംഭവവുമായി ബന്ധപ്പെട്ട് ആദ്യം കൂത്തുപറമ്പ് പൊലീസിൽ പരാതി നല്‍കിയെങ്കിലും ജില്ലാ ആശുപത്രിയിലുണ്ടായ സംഭവം ആയതിനാല്‍ കേസ് കണ്ണൂർ സിറ്റി പൊലീസിലേക്ക് മാറ്റുകയായിരുന്നു.