Zygo-Ad

കണ്ണൂർ നഗരത്തില്‍ ആശങ്കയായി വാഹനാപകടം; രണ്ട് അപകടം, ഒരു ജീവൻ പൊലിഞ്ഞു


കണ്ണൂർ: കണ്ണൂർ നഗരത്തില്‍ അടിക്കടിയായി ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ ആശങ്കയുണ്ടാക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തില്‍ രണ്ടിടങ്ങളിലുണ്ടായ അപടത്തില്‍ ഒരു ജീവൻ പൊലിയുകയുണ്ടായി.

രാവിലെ കാള്‍ടെക്സ് വൈദ്യുതി ഭവന് മുന്നിലുണ്ടായ അപകടത്തിലാണ് ഒരു ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടത്. ഇതിന് പുറമെ പ്രസ് ക്ലബ്ബ് ജംഗ്ഷന് സമീപവും വാഹനാപകടമുണ്ടായി.

വൈദ്യുതി ഭവന് മുന്നിലുണ്ടായ അപകടത്തില്‍ അസം സ്വദേശി പുഹ്‌നു ടിർക്കി (35) എന്നയാളാണ് മരിച്ചത്. നടപ്പാതയില്‍ ഇരിക്കുകയായിരുന്ന ഇയാള്‍ എഴുന്നേല്‍ക്കുന്നതിനിടെ റോഡിലേക്ക് തെന്നി വീഴുകയും കണ്ണൂർ ഭാഗത്തു നിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിക്കടിയില്‍പ്പെടുകയുമായിരുന്നു. 

ഇയാളുടെ തലയിലൂടെ ലോറി കയറി ഇറങ്ങി. തല്‍ക്ഷണം യുവാവ് മരിച്ചു. ടൗണ്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

അപകടത്തെ തുടർന്ന് ദേശീയപാതയില്‍ അല്‍പ്പനേരം ഗതാഗതം തടസപ്പെട്ടു. അഗ്നിശമന സേന സ്ഥലത്തെത്തി റോഡില്‍ വെള്ളം ചീറ്റി ശുചീകരിച്ചു. അപകടത്തിനിടയാക്കിയ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വൈകീട്ട് മൂന്നരയോടെയാണ് പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ ബസും കാറും കൂട്ടിയിടിച്ച്‌ അപകടമുണ്ടയത്. കണ്ണൂരില്‍ നിന്നും പഴയങ്ങാടിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും കാറുമാണ് കൂട്ടിയിടിച്ചത്. പഴയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോകുന്ന ബസില്‍ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുൻഭാഗം തകർന്നു. കാർ ഡ്രൈവർ ഉള്‍പ്പെടെ യാത്രക്കാർക്ക് നിസാര പരിക്കേറ്റു. താണ, മേലെ ചൊവ്വ, താഴെ ചൊവ്വ, പള്ളിക്കുന്ന് ഭാഗങ്ങളില്‍ നിരന്തരം വാഹനാപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്.

കഴിഞ്ഞ ഏഴിന് താണയിലുണ്ടായ അപകടത്തില്‍ ലോറിക്ക് അടിയില്‍പ്പെട്ടാണ് സ്‌കൂട്ടർ യാത്രക്കാരനായ ക്രിസ്റ്റിൻ ബേസില്‍ മരണപ്പെട്ടത്. ലോറിയുടെ പിന്നില്‍ സ്‌കൂട്ടറിന്റെ ഹാൻഡില്‍ കുടുങ്ങിയായിരുന്നു അപകടം. കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ അഞ്ച് വാഹനാപകടങ്ങളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായത്.

അപകടങ്ങളിൽ വില്ലനായി മഴയും

കഴിഞ്ഞ വ്യാഴാഴ്ച താണയില്‍ സ്വകാര്യ ബസ് ഡിവൈഡറില്‍ ഇടിച്ച്‌ വൈദ്യുതി തൂണുകളും പരസ്യബോർഡുകളും തകർന്നിരുന്നു. കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ് മഴയെതുടർന്ന് തെന്നി നീങ്ങി ബസിന്റെ പിൻഭാഗം വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു.

 തൊട്ടു പിറകിലുണ്ടായ സ്വകാര്യ ബസുകള്‍ ഭാഗ്യത്തിന് അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടു. ചരക്ക് ലോറികള്‍ അശ്രദ്ധമായി ഓടിക്കുന്നത് നഗരത്തില്‍ അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്.

Previous Post Next Post