ഓണാഘോഷങ്ങളുടെ അവസാനവട്ട ഒരുക്കങ്ങളുമായി ഇന്ന് ഉത്രാടപ്പാച്ചില്‍. തിരുവോണ നാളിലെ പൂക്കളത്തിനാവശ്യമായ പൂക്കളും ഓണ സദ്യയ്ക്കുള്ള സാധനങ്ങളും മറ്റും വാങ്ങുവാനുമുള്ള തിരക്കായിരിക്കും ഇന്ന്.
ദിവസങ്ങളായി വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും പച്ചക്കറി, പലവ്യഞ്ജന കടകളിലും തെരുവു കച്ചവടയിടങ്ങളിലും തിരക്കോട് തിരക്കായിരുന്നു. നഗരങ്ങളില്‍ ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു.
ഇന്ന് കഴിഞ്ഞ ദിവസങ്ങളെക്കാള്‍ കുരുക്കേറാൻ സാധ്യതയുണ്ട്. കണ്ണൂർ പഴയ ബസ്‌സ്റ്റാൻഡ്, സ്റ്റേഡിയം പരിസരം, തലശ്ശേരി പുതിയ ബസ്സ്റ്റാൻഡ്, പഴയ ബസ്സ്റ്റാൻഡ്, സേ സ്റ്റേഡിയം പരിസരം തുടങ്ങിയിടങ്ങളിലെല്ലാം തെരുവു കച്ചവടം സജീവമാണ്.
പൂക്കള്‍ക്ക് മുൻ വർഷങ്ങളെ അപേക്ഷിച്ച് പൊള്ളുന്ന വിലയാണ്. ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തിരക്കേറി.
പയ്യാമ്പലം, മുഴപ്പിലങ്ങാട്, ചാല്‍ ബീച്ചുകളിലെല്ലാം നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. അതേ സമയം ഇന്നലെ ഉച്ചമുതല്‍ ചെറുതായി പെയ്യാന്‍ തുടങ്ങിയ മഴ വ്യാപാരികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
മലയോര മേഖലയില്‍ കഴിഞ്ഞദിവസം രാത്രി മുതല്‍ ശക്തമായ മഴയായിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായി മാറുമെന്നും ഓണ നാളുകളില്‍ ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥ മുന്നറിയിപ്പുണ്ട്. മഴ കച്ചവടത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍.