കണ്ണൂർ ∙ അമ്മയെ മര്‍ദിച്ചതിനെ ചോദ്യം ചെയ്ത 22 കാരിയായ മകളെ വാളുകൊണ്ട് വെട്ടാൻ ശ്രമിച്ച സംഭവത്തിൽ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂരിലെ കരിവെള്ളൂർ സ്വദേശി കെ.വി. ശശിയാണ് അറസ്റ്റിലായത്.
മദ്യപാനിയായ ശശി വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലുണ്ടായ വഴക്കിനിടെ ഭാര്യയെ മര്‍ദിച്ചതിനെ തുടർന്ന് ഇടപെട്ട മകളെയാണ് ശശി ആക്രമിച്ചത്. കഴുത്തിന് നേരെയായിരുന്നു വെട്ടിയത്. തലനാരിഴയ്ക്ക് രക്ഷപ്പെടാനായെങ്കിലും അമ്മക്കും മകള്‍ക്കും പരിക്കേറ്റു.
ഇരുവരും കരിവെള്ളൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പ്രതി ശശിയെ പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.