Zygo-Ad

എക്‌സൈസ് നടത്തിയ റെയ്ഡില്‍ വൻ മയക്കുമരുന്ന് വേട്ട: കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പരിസരത്തു നിന്നും എംഡിഎംഎയുമായി യുവാവ് പിടിയില്‍


പരിയാരം: മെഡിക്കല്‍ കോളേജ് പരിസരത്തു നിന്നും രാസലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാവിനെ എക്സൈസ് പിടികൂടി.

അബ്ദുല്‍ സമീഹ് സാലുവിനെയാണ് (25) 2.812 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്.

എക്സൈസ് കമ്മിഷണർ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇ.വൈ. ജസീറലിയും സംഘവുമാണ് പരിയാരം കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് പരിസരത്തു വെച്ച്‌ പ്രതിയെ പിടികൂടിയത്.

പരിയാരം, പയ്യന്നൂർ, പഴയങ്ങാടി, മാതമംഗലം എന്നിവിടങ്ങളിലെ യുവതി യുവാക്കള്‍ക്ക് ലഹരി മരുന്ന് വില്‍ക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് വ്യക്തമാക്കി.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും മയക്കുമരുന്ന് എത്തിച്ച്‌ മെഡിക്കല്‍ കോളേജ് പരിസര പ്രദേശങ്ങളിലാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്. 

ചില അപ്പാർട്ട്‌മെന്റുകള്‍ കേന്ദ്രീകരിച്ച്‌ ലഹരി ഉപയോഗവും വിതരണവും നടക്കുന്നുണ്ടെന്നും, വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ വില്‍പ്പന നടത്താറുണ്ടെന്നും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എം.പി. സർവജ്ഞൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സി. പങ്കജാക്ഷൻ, വി.പി. ശ്രീകുമാർ, പി.പി. രജിരാഗ്, കെ. രമിത്ത്, വനിത സിവില്‍ എക്സൈസ് ഓഫീസർ പി. ജിഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Previous Post Next Post