തോട്ടട: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണ്ണൂർ കോർപ്പറേഷൻ പരിധിയില്‍ നടത്തിയ പരിശോധനയില്‍ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കിഴുന്ന ബീച്ചിന് സമീപം പ്രവർത്തിച്ചു വരുന്ന കാൻബെ ബീച്ച് റിസോർട്ടിനു 10000 രൂപ പിഴ ചുമത്തി.
റിസോർട്ടിനു പുറകില്‍ നിർമ്മിച്ചിരിക്കുന്ന ഷെഡില്‍ പ്ലാസ്റ്റിക്കുകള്‍ അലൂമിനിയം ഫോയിലുകള്‍ ഡയപ്പറുകള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കത്തിച്ചു വരുന്നതായി കണ്ടെത്തി.
കൂടാതെ റിസോർട്ടിന്റെ പരിസര പ്രദേശത്ത് മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നതായും സ്‌ക്വാഡിന്റെ ശ്രദ്ധയില്‍പെട്ടു. ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് വരുന്നുണ്ട് എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മറ്റു നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്.
ഉടൻ തന്നെ മാലിന്യങ്ങള്‍ എടുത്തു മാറ്റി ശാസ്ത്രീയമായി സംസ്‌ക്കരിക്കാനും ഹോട്ടല്‍ മാനേജ്മെന്റിനു നിർദേശം നല്‍കി.
പരിശോധനയില്‍ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി,എൻഫോഴ്‌സ്‌മെന്റ് ഓഫീസർ അജയകുമാർ കെ ആർ സ്‌ക്വാഡ് അംഗങ്ങള്‍ അലൻ ബേബി, പ്രവീണ്‍ പി എസ് ദിബില്‍ സി കെ, തുടങ്ങിയവർ പങ്കെടുത്തു