Zygo-Ad

കണ്ണൂരിൽ ഒമ്പതാം ക്ലാസുകാരൻ ചോദ്യപേപ്പറില്‍ എഴുതിയതെല്ലാം ഭീകര സംഘടനകളുടെ പേരുകള്‍; പൊലീസിനെ അറിയിച്ച് സ്കൂള്‍ അധികൃതര്‍


കണ്ണൂർ: പരീക്ഷാ ചോദ്യക്കടലാസില്‍ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അന്താരാഷ്ട്ര ഭീകര സംഘടനകളുടെ പേരുകള്‍ എഴുതുകയും ആയുധങ്ങളുടെ ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം.

കേരള പൊലീസും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുമാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. കണ്ണൂർ ജില്ലയിലെ ഒരു സർക്കാർ സ്കൂളില്‍ ഈ മാസം നടന്ന പാദവാർഷിക പരീക്ഷയിലെ ചോദ്യപേപ്പറിലാണ് കുട്ടി അന്താരാഷ്ട്ര ഭീകര സംഘടനകളുടെ പേരെഴുതിയത്.

 ഇത് വെറും കൗതുകം കൊണ്ട് ചെയ്തതാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നാണ് അന്വേഷണ ഏജൻസികള്‍ പരിശോധിക്കുന്നത്.

സാമൂഹ്യ ശാസ്ത്രം ചോദ്യക്കടലാസിന്റെ ഒന്നാം പേജിലാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഭീകര സംഘടനകളുടെ പേരുകള്‍ എഴുതിയത്. ഭീകര സംഘടനകളുടെ പേരുകള്‍ തെറ്റില്ലാതെ ചെറുതും വലുതുമായ അക്ഷരത്തിലാണ് എഴുതിയിരിക്കുന്നത്. 

കൈത്തോക്കില്‍ നിന്ന് ചിതറുന്ന വെടിയുണ്ടകളുടെയും വാളുകളുടെയും ചിത്രങ്ങള്‍ക്കൊപ്പമാണ് ഭീകര സംഘടനകളുടെ പേരെഴുതിയിരിക്കുന്നത്.

ചോദ്യക്കടലാസിന്റെ വലതു ഭാഗത്ത്‌ ലഷ്‌കർ ഇ ത്വയിബ, ജെയ്ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനകളുടെ പേരും ഇടതു ഭാഗത്ത്‌ ഹമാസ്, ഹൂതി എന്നീ വാക്കുകളുമാണ്‌ എഴുതിയിരിക്കുന്നത്. ഒരിടത്ത് മൊസാദ് എന്നും എഴുതിയിട്ടുണ്ട്. 

പേരിന് നേരേതാഴെ തോക്കില്‍ നിന്ന് വെടിയുണ്ട ചിതറുന്ന ചിത്രവും രണ്ട് വാളുകളും വരച്ചിട്ടുണ്ട്. ഹമാസ്, ഹൂതി, ലഷ്‌കർ ഇ ത്വയിബ എന്നീ പേരുകള്‍ വലിയ അക്ഷരത്തില്‍ എഴുതി.

പരീക്ഷയുടെ ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയത്ത് കുട്ടികള്‍ പലരും ചോദ്യക്കടലാസ് വായനയില്‍ മുഴുകിയപ്പോള്‍ത്തന്നെ ഈ കുട്ടി ചോദ്യക്കടലാസില്‍എന്തൊക്കെയോ എഴുതിത്തുടങ്ങിയിരുന്നു.

 ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച്‌ ഉത്തരമെഴുതണമെന്ന് അധ്യാപിക ആവശ്യപ്പെട്ടെങ്കിലും ശ്രദ്ധിക്കാതെ വിദ്യാർത്ഥി ചോദ്യക്കടലാസില്‍ കുത്തിക്കുറിച്ചു കൊണ്ടിരുന്നു.

ഉത്തരക്കടലാസ് തിരിച്ചു വാങ്ങുന്ന സമയത്ത് സംശയം തോന്നിയ അധ്യാപിക ചോദ്യക്കടലാസ് പരിശോധിച്ചപ്പോഴാണ് എഴുത്തും ചിത്രങ്ങളും കണ്ടത്.

 പിന്നീട് പ്രഥമാധ്യാപകനോടും സഹപ്രവർത്തകരോടും കാര്യങ്ങള്‍ പറഞ്ഞു. വിദ്യാർത്ഥിയുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി കാര്യങ്ങള്‍ വിശദമാക്കിയ ശേഷം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സ്കൂള്‍ അധികൃതർ സംഭവം അറിയിച്ചതോടെ പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിന് പിന്നിലെ കാരണം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷിക്കും. 

പഠനത്തില്‍ ശരാശരി നിലവാരം പുലർത്തുന്ന കുട്ടിയാണ് ചോദ്യപേപ്പറില്‍ ഭീകര സംഘടനകളുടെ പേരെഴുതിയിരിക്കുന്നത്. ഇങ്ങനെയൊരു വിദ്യാർത്ഥി എങ്ങനെയാണ് തീവ്രവാദ സംഘടനകളുടെ പേരുകള്‍ കൃത്യമായി മനസ്സിലാക്കിയത് എന്ന ചോദ്യവും ഉയരുന്നുണ്ട്.

Previous Post Next Post