കണ്ണൂർ: കടൽക്ഷോഭത്തെ നേരിടാൻ നടപ്പിലാക്കുന്ന ജിയോട്യൂബ് തീരസംരക്ഷണ പദ്ധതി കണ്ണൂർ ജില്ലയിലും നടപ്പിലാക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യൻ ടെക്നോളജി സംസ്ഥാനത്തെ 22 പ്രദേശങ്ങളിൽ നടത്തുന്ന മാതൃകാപഠനത്തിന് കണ്ണൂരിൽ തലായി, പയ്യാമ്പലം, പാലക്കോട് എന്നിവിടങ്ങളെയാണ് തിരഞ്ഞെടുത്തത്. കാസർകോട് ജില്ലയിൽ കസബയാണ് മാതൃകാ പഠനത്തിനായി തിരഞ്ഞെടുക്കപെട്ടത്.പഠന റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് പദ്ധതിക്ക് ഭരണാനുമതി നൽകാനാണ് സർക്കാർ തീരുമാനം.
പ്രദേശത്തിന് അനുസരിച്ച് ജിയോട്യൂബിന്റെ ഘടന, വ്യാപ്തി, ചിലവ് എന്നിവ മാതൃകാ പഠനറിപ്പോർട്ട് ലഭിക്കുന്ന മുറക്ക് തീരുമാനിക്കും. തീരദേശ വികസനത്തിനായി കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച 100 കോടിയുടെ ജിയോട്യൂബ് ഓഫ് ബ്രേക്ക് വാട്ടർ പദ്ധതിക്കായി തീരസംരക്ഷണ പദ്ധതിവിദഗ്‌ധനും നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് ഡയറക്ടറും ഡീപ്പ് ഓഷ്യൻ മിഷ്യൻ ഡയറക്ടറുമായ എം.വി.രണമൂർത്തി പ്രാഥമിക പഠനം നടത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പദ്ധതി സ്ഥാപിക്കുന്നതിനും അനുയോജ്യമായ പ്രദേശങ്ങൾ പ്രാഥമികമായി കണ്ടെത്തിയത്. പിന്നാലെ ഈ സ്ഥലങ്ങളുടെ കരട് റിപ്പോർട്ട് തയ്യാറാക്കി മാതൃകാപഠനം നടത്താൻ തീരുമാനിക്കുകയായിരുന്നു.
ഓഫ് ഷോർ ബ്രേക്ക് വാട്ടർ പാറ ഉപയോഗിച്ച് നടത്തുന്ന തീരസംരക്ഷണത്തിന് പകരം 12 മീറ്റർ മുതൽ 15 മീറ്റർ വരെ വ്യാസമുള്ള ഭീമാകാരമായ ജിയോട്യൂബിൽ (250 ടൺ) മണൽ നിറച്ച് കടലിൽ എട്ട് മീറ്റർ വരെ ആഴമുള പ്രദേശങ്ങളിൽ സ്ഥാപിക്കുന്ന രീതിയാണ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതിയിൽ സ്വീകരിച്ചിരിക്കുന്നത്. അതിശക്തമായി കടൽത്തിരകൾ ട്യൂബിൽ തട്ടി ശക്തി കുറഞ്ഞ് പതഞ്ഞ് കരയിലേക്കെത്തും. പ്രകൃതി സൗഹൃദവും സുരക്ഷിതവുമാണ് ജിയോ ട്യൂബ് കടലിലെ വളരെയധികം പ്രതിബന്ധങ്ങളെ തരണം ചെയ്ത് ചുരുങ്ങിയ സമയം കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രക്ഷുബ്ധമായ കടലോരമുള്ള പ്രദേശത്ത് നടപ്പിലാക്കുന്ന ഇന്ത്യയുടെ ആദ്യ പദ്ധതി കൂടിയാണിത്.
പ്രതീക്ഷയോടെ ജില്ലയിലെ തീരദേശങ്ങൾ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ തീരദേശം പങ്കിടുന്ന ജില്ലകളാണ് കണ്ണൂരും കാസർകോടും. എന്നാൽ കാലവർഷക്കെടുതിയേയും കടൽക്ഷോഭത്തെയും നേരിടാൻ പുലിമൂട്ട് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ കണ്ണൂർ ജില്ലയിലെ തീരദേശങ്ങളിൽ നിലവിലില്ല. കണ്ണൂരിൽ തലശേരി, കണ്ണൂർ, പയ്യന്നൂർ മേഖലകളിലാണ് ശക്തമായ കടൽക്ഷോഭമുള്ളത്. ഇതിനു പുറമെ പയ്യന്നൂർ എട്ടിക്കുളം, പാലക്കോട്, പുതിയവളപ്പ്, ചൂട്ടാട്, പുതിയങ്ങാടി ബിച്ച്, കക്കാടൻ ചാൽ കടപ്പുറംബീച്ച് റോഡ്, അരിച്ചാൽ, മാട്ടൂൽ സൗത്ത്, അഴീക്കൽ അഴിമുഖം കടപ്പുറമടക്കമുളള എല്ലാ തീരദേശങ്ങളിലും മഴക്കാലത്ത് കടലാക്രമണം അതിശക്തമാണ്. ആയിക്കര, മാപ്പിളബേ, അഴീക്കൽ, നീർക്കടക്കടവ്, കുറുവ, സിറ്റി തുടങ്ങിയ മേഖലകളിലും എടക്കാട്, ഏഴരക്കടപ്പുരം, മുഴപ്പിലങ്ങാട് ബീച്ച്, ധർമ്മടം പഞ്ചായത്തിലെ തീരദേശങ്ങളും കടലാക്രമണത്തിൽ ദുരന്തങ്ങളേറ്റുവാങ്ങുകയാണ്.