Zygo-Ad

കണ്ണൂര്‍ കീഴറയിലെ വാടക വീട്ടിലെ സ്ഫോടനക്കേസ്; മുഖ്യപ്രതി അനൂപ് മാലിക്ക് റിമാന്‍ഡില്‍


കണ്ണൂര്‍: കണ്ണൂർ ജില്ലയിലെ കണ്ണപുരം കീഴറയിലെ സ്ഫോടന കേസിലെ മുഖ്യ പ്രതി അനൂപ് മാലിക്കിനെ കോടതി റിമാൻഡ് ചെയ്തു.

പ്രതിയെ കണ്ണൂർ സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി. പ്രതി നിരന്തരം സമാന സ്വഭാവമുളള കുറ്റകൃത്യത്തില്‍ ഏർപ്പെട്ടതായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിയില്‍ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, സംഭവത്തിന് രാഷ്ട്രീയ ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തില്‍ അനുപ് മാലികിൻ്റെ ബന്ധുവും ജീവനക്കാരനുമായചാലാട് സ്വദേശി മുഹമ്മദ് അഷാം കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ച്ച വൈകിട്ട് കാഞ്ഞങ്ങാട് വെച്ചാണ് ഇയാള്‍ പിടിയിലായത്.

രാത്രി കണ്ണപുരത്തെത്തിച്ച പ്രതിയെ ഇന്നലെയും ഇന്നും ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ സ്ഫോടനത്തില്‍ നേരിട്ട് പങ്കില്ലെന്ന് അനു മാലിക് ആവർത്തിച്ചു. സമാനമായ ഏഴ് കേസുകളില്‍ പ്രതിയായ ഇയാള്‍ ഒരേ കുറ്റകൃത്യം ആവർത്തിക്കുന്നതായി പൊലീസ് ചൂണ്ടിക്കാട്ടി.

കാഞ്ഞങ്ങാടുള്ള സുഹൃത്തിന്‍റെ വീട്ടില്‍ അഭയം തേടിയ ശേഷം കർണാടകയിലേക്ക് കടക്കാനായിരുന്നു പ്രതിയുടെ നീക്കം. 

കണ്ണൂർ നഗരത്തില്‍ കച്ചവടക്കാരനായിരുന്ന ഈ സുഹൃത്തിനോട് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണെന്ന് അനൂപ് മാലിക് പറഞ്ഞിരുന്നു. എന്നാല്‍, സ്ഫോടനത്തില്‍ അടുത്ത ബന്ധുവായ മുഹമ്മദ്‌ അഷാമിന്‍റെ മരണം അനു മാലികിനെ തളർത്തി.

ഇതേ തുടർന്ന് താൻ കീഴടങ്ങാൻ ഒരുങ്ങിയിരുന്നുവെന്ന് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് പൊലീസിന്‍റെ പിടിയിലാകുന്നത്. പ്രതി പടക്ക കച്ചവടക്കാരനെന്നും രാഷ്ട്രീയ ബന്ധമില്ലെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

അനധികൃതമായി നിർമ്മിക്കുകയും സംഭരിക്കുകയും ചെയ്ത പടക്ക നിർമ്മാണത്തിനുളള സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് അപകടം. പ്രതിയെ വീണ്ടും ചോദ്യം ചെയ്യാനായി മൂന്ന് ദിവസത്തിനു ശേഷം പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും. 

ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ മേല്‍നോട്ടത്തലാണ് അന്വേഷണം. തെളിവെടുപ്പ് അടക്കം അതിവേഗം പൂർത്തിയാക്കി പഴുതടച്ചുളള കുറ്റപത്രം നല്‍കാനാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

Previous Post Next Post