കണ്ണൂർ:കണ്ണൂരിൻ്റെ പൈതൃക പെരുമ വിളിച്ചോതുന്ന വൈവിധ്യമാർന്ന പരിപാടികളോടെ ഒക്ടോബർ അഞ്ച് മുതൽ 12 വരെ സംഘടിപ്പിക്കുന്ന കണ്ണൂർ പൈതൃകോത്സവത്തിൻ്റെ സംഘാടക സമിതി രൂപീകരിച്ചു.
കണ്ണൂർ ശിക്ഷക് സദനിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം പുരാവസ്തു, പുരാരേഖ, മ്യൂസിയം, രജിസ്ട്രേഷൻ വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.വി സുമേഷ് എംഎൽഎ അധ്യക്ഷനായി.
കണ്ണൂരിൻ്റെ കലയും സംസ്കാരവും വൈജ്ഞാനിക പാരമ്പര്യങ്ങളും അനാവരണം ചെയ്യുന്ന വിധത്തിലാണ് കണ്ണൂർ പൈതൃകോത്സവം സംഘടിപ്പിക്കാനുദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കണ്ണൂർ നഗരത്തിലും വിവിധ കേന്ദ്രങ്ങളിലുമായി സംഘടിപ്പിക്കുന്ന പരിപാടികൾ ഒക്ടോബർ അഞ്ചിന് 'മഹാത്മജിയെ അറിയുക' എന്ന പ്രദർശനത്തോടെയും പ്രഭാഷണത്തോടെയും ആരംഭിക്കും.
സംഘാടക സമിതി രക്ഷാധികാരികളായി മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ എന്നിവരെയും ചെയർമാനായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെയും തെരഞ്ഞെടുത്തു.