Zygo-Ad

വളപട്ടണത്ത് കാറിൽ നിന്നിറങ്ങി പുഴയിലേക്ക് ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടത്തി.

 


കണ്ണൂർ: വളപട്ടണം പാലത്തിലൂടെ യാത്ര ചെയ്യുന്നതിനിടെ കാറിൽ നിന്നിറങ്ങി പുഴയിലേക്ക് ചാടിയ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. പാപ്പിനിശേരി കീച്ചേരി സ്വദേശി ഗോപിനാഥിന്റെ (59) മൃതദേഹം ആണ് കണ്ടെത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വളപട്ടണം റെയിൽവേ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്

വ്യാഴാഴ്ച‌ വൈകീട്ട് 3.45-നാണ് സംഭവം. മുൻ പ്രവാസിയായ ഗോപിനാഥൻ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് മംഗളൂരുവിൽനിന്ന് കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. വ്യാഴാഴ്ച രാവിലെ ആരോഗ്യസംബന്ധമായ ചില അസ്വസ്ഥതകൾ കാരണം കണ്ണൂരിൽ ഡോക്ടറെ കാണാൻ പോയതായിരുന്നു. പരിശോധന കഴിഞ്ഞ് മടങ്ങുന്നതിനിടെ പാലത്തിലെ ഗതാഗത കുരുക്കിനിടയിൽ പെട്ടപ്പോൾ ഛർദിക്കണമെന്ന് പറഞ്ഞാണ് കാറിൽനിന്ന് ഇറങ്ങിയത്.

ഭാര്യയും മകളും ഒപ്പം ഇറങ്ങിയിരുന്നു. പെട്ടെന്ന് അവരെ തള്ളിമാറ്റി ഞൊടിയിടയിൽ പുഴയിലേക്ക് ചാടുകയായിരുന്നു. ബന്ധുക്കൾ ബഹളം വെച്ചതോടെ നാട്ടുകാർ വളപട്ടണം പോലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിക്കുകയായിരുന്നു.

കണ്ണൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും വളപട്ടണം പൊലീസും കോസ്റ്റൽ പൊലീസും സംയുക്തമായി പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ഇന്ന് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്.

Previous Post Next Post