അഴീക്കോട്: കച്ചേരിപ്പാറയിൽ ബിജെപി, സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം. രണ്ട് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റവർ വി.എം. പ്രതാപ് (23), പി. വിഷ്ണു (25) എന്നിവർ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതാപിന്റെ മുൻപല്ല് അടിപിടിയിൽ കൊഴിഞ്ഞു. സംഭവം തിങ്കളാഴ്ച രാത്രി 9.30ഓടെയായിരുന്നു. സിപിഎം പ്രവർത്തകരാണ് മർദിച്ചതെന്നു പരാതിയുണ്ട്.
ഞായറാഴ്ച നടന്ന ജനാധിപത്യ മഹിളാ അസോസിയേഷൻ സമ്മേളനത്തിന്റെ ഭാഗമായി സിപിഎം പ്രവർത്തകർ കച്ചേരിപ്പാറയിൽ തോരണങ്ങൾ കെട്ടിയിരുന്നു. അതിലെ ഒരു തൂണിൽ ബിജെപിയുടെ കൊടിയും ഉണ്ടായിരുന്നതായി പറയുന്നു. തിങ്കളാഴ്ച സിപിഎം കൊടി കാണാനില്ലെന്ന് കണ്ടെത്തി. ബിജെപിക്കാർ അത് എടുത്ത് എറിഞ്ഞെന്നാരോപിച്ച് ഉണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലേക്ക് വഴിമാറിയത് എന്നാണ് പോലീസിന്റെ വിശദീകരണം.
സംഭവത്തിന് പിന്നാലെ വളപട്ടണം ഇൻസ്പെക്ടർ പി. വിജേഷ്, കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി, വളപട്ടണം എസ്ഐ ടി.എം. വിപിൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസുപട ക്യാമ്പ് നടത്തി. വൻകുളത്തുവയൽ, കച്ചേരിപ്പാറ പ്രദേശങ്ങളിൽ ശക്തമായ പോലീസ് സാന്നിധ്യമുണ്ട്.