കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ തിരക്കി പിണറായിയിലെ വീട്ടിലും തറവാട്ടിലും എംഎല്‍എ ഓഫിസിലും എത്തിയ അജ്ഞാതൻ പൊലീസിനെ കുഴക്കി.
ഇന്നലെ വൈകിട്ടാണ് ഇയാള്‍ ഓട്ടോയില്‍ മുഖ്യമന്ത്രിയുടെ തറവാടു വീടായ എടക്കടവ് മുണ്ടയില്‍ വീട്ടില്‍ എത്തിയത്.
മുഖ്യമന്ത്രിയുണ്ടോ എന്ന് അന്വേഷിക്കുകയും മുഖ്യമന്ത്രിയുടെ ഫോട്ടോ കാണണമെന്നു പറയുകയും ചെയ്തു. പിന്നീട് പിണറായി പാണ്ട്യാലമുക്കിലെ മുഖ്യമന്ത്രിയുടെ വീട്ടിലും എംഎല്‍എ ഓഫിസിലും എത്തിയതോടെ സംശയം തോന്നി.
തലങ്ങും വിലങ്ങും പാഞ്ഞ പൊലീസ് കണ്ണൂരില്‍ നിന്ന് ആളെ കണ്ടെത്തി. കമ്മിഷണറുടെ അടുത്തെത്തിച്ച് ചോദ്യം ചെയ്തു. മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നും ആശുപത്രിയിലെത്തിക്കുമെന്നും പൊലീസ് പറഞ്ഞു.