പാപ്പിനിശ്ശേരി ∙ അരോളിയിൽ പ്രത്യേക ഇനം പ്രാണികളുടെ ശല്യം രൂക്ഷമായി. വയലുകളിൽ നിന്ന് വീടുകളിലേക്ക് അതിക്രമിച്ച് കയറാൻ തുടങ്ങിയതോടെ നാട്ടുകാർ ഗുരുതര ദുരിതത്തിലാണ്. ശാന്തിപ്രഭ കലാസമിതിക്കു സമീപമുള്ള വീടുകളിലാണ് കൂടുതലായും ബാധിച്ചത്.
ബ്രൗൺ നിറത്തിലുള്ള സ്റ്റിങ്ക് ബഗ് ഇനത്തിൽപ്പെടുന്ന പ്രാണികളാണ്. ഇവയ്ക്ക് രൂക്ഷമായ ഗന്ധമുണ്ടെന്നും ശരീരത്തിൽ തൊട്ടാൽ അലർജി വരുന്നതായും നാട്ടുകാർ പറയുന്നു. പ്രത്യേകിച്ച് പകൽ നേരത്തെ ചൂട് കൂടുമ്പോഴാണ് ശല്യം കൂടുതൽ.
വയലിലെ കാട്ടുചേമ്പ് ചെടികളുടെ ഇലകളിലാണ് ആദ്യം ഇവയെ കണ്ടെത്തിയത്. വിളകളിൽ വലിയ നാശം വരുത്തിയിട്ടില്ലെങ്കിലും പിന്നീട് വീടുകളോടു ചേർന്നുള്ള ചെടികളിലും മരങ്ങളിലും കൂട്ടത്തോടെ പടർന്ന്, കഴിഞ്ഞ മൂന്ന് ദിവസമായി വീടുകളിലേക്കും വ്യാപിച്ചു. പല വീടുകളിലും പകൽവേളയിൽ വാതിൽ തുറക്കാൻ കഴിയാത്ത അവസ്ഥയാണ്.
പ്രശ്നം നിയന്ത്രിക്കാൻ വേപ്പ് അധിഷ്ഠിത കീടനാശിനിയായ അസാഡിറക്ടിൻ (10 മില്ലിഗ്രാം / ലീറ്റർ വെള്ളം) തളിക്കുന്നതിനും, കൂട്ടമായി കാണുന്ന സ്ഥലങ്ങളിൽ ഡെൽറ്റാമെത്രിൻ (1 മില്ലിഗ്രാം / ലീറ്റർ വെള്ളം) തളിക്കുന്നതിനും നടപടി ആരംഭിച്ചു. വീടുകളുടെ സമീപപ്രദേശമായതിനാൽ ശക്തമായ കീടനാശിനികൾ ഉപയോഗിക്കാൻ സാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
കൃഷി ഓഫിസർ ഉൾപ്പെടെയുള്ള സംഘം സ്ഥലം സന്ദർശിച്ച് ശാസ്ത്രജ്ഞരുടെ സഹായത്തോടെ വിശദമായ പഠനം നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.